

ന്യൂഡൽഹി: കുടുംബവുമായുള്ള തർക്കത്തെത്തുടർന്ന് 14-ാം വയസ്സിൽ വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി ക്രൂരമായ പീഡനങ്ങൾക്കൊടുവിൽ മരണത്തിന് കീഴടങ്ങി. ഡൽഹിയിലെ ജിടിബി ആശുപത്രിയിൽ 40 ദിവസത്തോളം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചത്. തന്നെ രാജസ്ഥാനിലെ ഒരാൾക്ക് വിവാഹത്തിനായി വിൽക്കുകയായിരുന്നുവെന്ന് മരിക്കുന്നതിന് മുൻപ് പെൺകുട്ടി പോലീസിന് മൊഴി നൽകിയിരുന്നു. (Child Trafficking)
കഴിഞ്ഞ വർഷമാണ് ദയാൽപൂർ സ്വദേശിയായ പെൺകുട്ടി വീട്ടുകാരുമായി പിണങ്ങി ഇറങ്ങിയത്. തെരുവുകളിൽ ആക്രി പെറുക്കി ജീവിച്ചിരുന്ന പെൺകുട്ടിയെ പിന്നീട് രാജസ്ഥാനിലെ ഒരാൾക്ക് വിൽക്കുകയായിരുന്നു. അവിടെനിന്ന് എങ്ങനെയോ രക്ഷപ്പെട്ട പെൺകുട്ടിയെ ഒക്ടോബർ 24-ന് ഹരിയാനയിലെ പാനിപ്പത്തിൽ അതീവ ഗുരുതരാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. കടുത്ത പോഷകാഹാരക്കുറവും ശാരീരിക അവശതകളും അനുഭവിച്ചിരുന്ന കുട്ടിയെ പിന്നീട് ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റി.
തുടർച്ചയായ ചികിത്സ നൽകിയെങ്കിലും ഡിസംബർ 12-ന് പെൺകുട്ടി മരണമടഞ്ഞു. സംഭവത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയെ കാണാതായിട്ടും പരാതി നൽകാതിരുന്ന മാതാപിതാക്കളുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടിയെ വിറ്റവരെയും നിർബന്ധിത വിവാഹം നടത്തിയവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
A 14-year-old girl from Delhi, who ran away from home and was allegedly sold into a forced marriage in Rajasthan, has died after a 40-day battle for life. After escaping her captors, she was found critically ill and malnourished in Haryana before being moved to a Delhi hospital, where she gave a dying declaration to the police. Authorities have now registered an FIR and are investigating the roles of her family and the traffickers involved in this tragic case.