ഭോപ്പാൽ: ദീപാവലി ആഘോഷത്തിനിടെ കാർബൈഡ് ഗൺ (Carbide Gun) ഉപയോഗിച്ച് പടക്കം പൊട്ടിച്ച കുട്ടികൾക്ക് കണ്ണിന് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്. മധ്യപ്രദേശിലെ വിദിഷ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. സർക്കാർ നിരോധിച്ച ഈ 'തോക്ക്' ചന്തയിൽ നിന്ന് വാങ്ങി ദീപാവലി ആഘോഷത്തിനുപയോഗിച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചത്.(14 children lose eyesight in Bhopal while using carbide guns on Diwali)
മൂന്ന് ദിവസം കൊണ്ട് 122 കുട്ടികളെയാണ് പരിക്കുകളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഇവരിൽ 14 പേർക്ക് കാഴ്ചശക്തി പൂർണമായും നഷ്ടപ്പെട്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സുരക്ഷാ മാനദണ്ഡങ്ങളില്ലാത്ത 'കളിപ്പാട്ടം'
150 രൂപയ്ക്കും 200 രൂപയ്ക്കും ഇടയിലാണ് പലരും ഇത് കുട്ടികൾക്ക് ഉപയോഗിക്കാവുന്ന കളിപ്പാട്ടമെന്ന് കരുതി വാങ്ങിയത്. എന്നാൽ, ബോംബിന് സമാനമായ നിലയിലാണ് ഇവ പൊട്ടിയതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തെ തുടർന്ന് അനധികൃതമായി ഈ വെടിക്കോപ്പ് വിറ്റ ആറ് കച്ചവടക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഭോപ്പാൽ, ഇൻഡോർ, ജബൽപൂർ, ഗ്വാളിയോർ എന്നിവിടങ്ങളിലെല്ലാം ആശുപത്രികളിലെ നേത്രവിഭാഗം കുട്ടികളായ രോഗികളെക്കൊണ്ട് നിറഞ്ഞ അവസ്ഥയിലാണ്. ഇത് കളിപ്പാട്ടമല്ലെന്നും സ്ഫോടകവസ്തുവാണെന്നും ഡോക്ടർമാരും പോലീസും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കാഴ്ചശക്തി നഷ്ടപ്പെടാനുള്ള കാരണം
കാർബൈഡ് ഗൺ വഴിയുള്ള പൊട്ടിത്തെറിയിൽ ചെറു ലോഹ കഷണങ്ങളും കാർബൈഡ് വാതകവും പുറന്തള്ളപ്പെടും. ഇത് കണ്ണിന്റെ റെറ്റിനയെ കരിച്ചുകളയുമെന്നാണ് ഡോക്ടർമാർ പറയുന്നത്. പ്ലാസ്റ്റിക്, ടിൻ പൈപ്പ്, വെടിമരുന്ന്, തീപ്പെട്ടിക്കൊള്ളിയുടെ മരുന്ന്, കാത്സ്യം കാർബൈഡ് തുടങ്ങിയവ ഉപയോഗിച്ചാണ് ഇവ നിർമ്മിക്കുന്നത്.
പൊട്ടിത്തെറിയെ തുടർന്ന് പുറന്തള്ളപ്പെടുന്ന അതിവേഗം കത്തിപ്പിടിക്കുന്ന വാതകത്തിലേക്ക് തീ ആളുകയും ഇത് മുഖത്തടക്കം ഗുരുതര പരിക്കേൽപ്പിക്കുകയും ചെയ്യും. യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് ഇവ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ഇൻസ്റ്റാ റീൽസും യൂട്യൂബ് വീഡിയോകളും കണ്ടാണ് ജനം ഇത് വാങ്ങുന്നതെന്നും പോലീസ് കുറ്റപ്പെടുത്തുന്നു.