

ന്യൂഡൽഹി: ഇന്ത്യയും ഫിൻലൻഡും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള പതിമൂന്നാമത് വിദേശകാര്യ ഓഫീസ് കൺസൾട്ടേഷൻസ് (FOC) ഫിൻലാൻഡിന്റെ തലസ്ഥാനമായ ഹെൽസിങ്കിയിൽ വിജയകരമായി നടന്നു. ഇന്ത്യൻ പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രാലയത്തിന്റെ സെക്രട്ടറി സിബി ജോർജും ഫിന്നിഷ് പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രാലയത്തിന്റെ സ്ഥിരം സ്റ്റേറ്റ് സെക്രട്ടറി ജുക്ക സലോവാരയും നയിച്ചു. (Finland)
വ്യാപാരം, നിക്ഷേപം, ഡിജിറ്റലൈസേഷൻ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, 5G/6G, AI, സുസ്ഥിരത, ക്ലീൻ ടെക്നോളജികൾ, വിദ്യാഭ്യാസം, ഗവേഷണം എന്നിവയിൽ സഹകരണം വർദ്ധിപ്പിക്കുന്നതിൽ ഇരുപക്ഷവും ചർച്ചകൾ നടത്തിയിരുന്നു. ഇന്ത്യ-യൂറോപ്യൻ യൂണിയൻ തന്ത്രപരമായ പങ്കാളിത്തത്തിന് കീഴിൽ സഹകരണത്തിൽ ഉണ്ടായിട്ടുള്ള നല്ല പുരോഗതി ഇരുപക്ഷവും എടുത്തു പറഞ്ഞിരുന്നു. അഭിലാഷപൂർണ്ണവും പരസ്പര പ്രയോജനകരവുമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ എത്രയും വേഗം പൂർത്തിയാക്കുന്നതിനുള്ള പിന്തുണ ഫിൻലാൻഡ് അവരുടെ ചർച്ചകളിൽ ഊന്നൽ നൽകിയിരുന്നു.
കൂടാതെ, പരിഷ്കരിച്ച യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് ഫിന്നിഷ് പക്ഷം ശക്തമായ പിന്തുണയും അറിയിച്ചിട്ടുണ്ട്. ആഗോള വെല്ലുവിളികളെയും പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെയും കുറിച്ചുള്ള തുടർച്ചയായ സംഭാഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ചർച്ച ചെയ്തിരുന്നു.
സന്ദർശനത്തിന്റെ ഭാഗമായി, സെക്രട്ടറി (വെസ്റ്റ്) സിബി ജോർജ് ഫിന്നിഷ് തൊഴിൽ മന്ത്രി മത്യാസ് മാർട്ടിനെനുമായി കൂടിക്കാഴ്ച നടത്തി. പ്രതിഭാ മൊബിലിറ്റി, ഇന്ത്യൻ പ്രവാസികളുടെ സംഭാവനകൾ, ടാലന്റ് ബൂസ്റ്റ് പ്രോഗ്രാമിന് കീഴിൽ ഇന്ത്യ-ഫിൻലാൻഡ് പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കൽ തുടങ്ങിയ വിഷയങ്ങൾ അവർ ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിൽ പതിവായി കൂടിയാലോചനകൾ തുടരാനും അടുത്ത റൗണ്ട് കൂടിയാലോചനകൾ ന്യൂഡൽഹിയിൽ സൗകര്യപ്രദമായ ഒരു തീയതിയിൽ നടത്താനും ധാരണയായി.
Summary: The 13th Foreign Office Consultations between India and Finland, held in Helsinki, successfully reaffirmed the commitment of both nations to enhancing bilateral cooperation across crucial sectors.