ഓരോ യാത്രയിലും സമ്പാദിച്ചത് 13 ലക്ഷം, രന്യ ഒരു വര്‍ഷത്തിനിടെ 30 തവണ ദുബായ് യാത്ര നടത്തി; സ്വർണക്കടത്തിന് ഉപയോഗിച്ചത് രൂപമാറ്റം വരുത്തിയ ജാക്കറ്റുകളും ബെല്‍റ്റുകളും; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് | Actress Ranya Rao Arrest
ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിനെ (Actress Ranya Rao Arrest) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കഴിഞ്ഞ ദിവസമാണ് ദുബായില്‍ നിന്ന് സ്വര്‍ണം കടത്തവെ ബെംഗളൂരു വിമനത്താവളത്തില്‍ വച്ച് നടി പിടിയിലാകുന്നത്. 12.56 കോടി രൂപ വില മതിക്കുന്ന 15 കിലോ ഗ്രാം സ്വര്‍ക്കട്ടികളാണ് നടി കടത്തിയത്. ഐ.പിഎസ് ഓഫീസറുടെ മകള്‍ കൂടിയായ രന്യയെന്നതും കേസിന്റെ ഗൗരവം കൂട്ടുന്നതാണ്. അതേസമയം, സംഭവത്തിനു പിന്നാലെ രന്യയുടെ വീട്ടിലും ഡി.ആര്‍.ഐ.(ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്) ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. ഇവിടെനിന്ന് 2.67 കോടി രൂപയും 2.06 കോടിയുടെ സ്വര്‍ണവും കണ്ടെടുത്തു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 30 തവയാണ് രന്യ ദുബായില്‍ പോയത്. ഓരോ യാത്രയിലും കിലോക്കണക്കിന് തൂക്കം വരുന്ന സ്വര്‍ണം നടി കടത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഓരോ കിലോ ഗ്രാമിനും ഒരു ലക്ഷം രൂപ എന്ന നിലയിലാണ് രന്യയ്ക്ക് പ്രതിഫലം ലഭിച്ചിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
ഇത്തരത്തില്‍ ഓരോ യാത്രയിലും 12-13 ലക്ഷം രൂപ വരെയാണ് രന്യ സമ്പാദിച്ചതെന്നും പോലീസ് കണ്ടെത്തി. രൂപമാറ്റം വരുത്തിയ ജാക്കറ്റുകളും ബെല്‍റ്റുകളും ഉപയോഗിച്ചായിരുന്നു നടി സ്വർണം കടത്തിയിരുന്നത്. തുടര്‍ച്ചയായി ദുബായ് യാത്ര നടത്തുന്നതിനാല്‍ നടി കുറച്ചു കാലങ്ങളായി ഡി.ആര്‍.ഐ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. വിമാനത്താവളത്തില്‍നിന്ന് സെക്യൂരിറ്റി ചെക്കിങ്ങിനിടെ ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചപ്പോള്‍ രക്ഷപ്പെടാനായി താന്‍ ഡി.ജി.പിയുടെ മകളാണെന്ന് രന്യ പറഞ്ഞിരുന്നു. എന്നാല്‍ ഇത് ചെവികൊള്ളാതിരുന്ന ഉദ്യോഗസ്ഥര്‍ മുന്‍കൂട്ടി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രന്യയെ പരിശോധിക്കുകയും സ്വര്‍ണം പിടിച്ചെടുക്കുകയുമായിരുന്നു.