
ന്യൂഡൽഹി: കേന്ദ്ര സർക്കാറിനുമെതിരെ ആഞ്ഞടിച്ച് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. പ്രയാഗ് രാജിലെ മഹാകുംഭമേളക്കുശേഷം ആയിരം ഹിന്ദുക്കൾ ഇപ്പോഴും കാണാമറയത്താണെന്നും ഇവരെ കണ്ടെത്താൻ ഉത്തർ പ്രദേശ് സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും അഖിലേഷ് ആരോപിച്ചു.
മഹാകുംഭമേളയിലെ ജനക്കൂട്ടത്തെ കൈകാര്യം ചെയ്തതിൽ മുതിർന്ന ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും പങ്കിനെയും അഖിലേഷ് വിമർശിച്ചു. കാണാതായവരുടെ കുടുംബങ്ങളെ സഹായിക്കണമെന്ന് അദ്ദേഹം ബി.ജെ.പി സർക്കാരിനോട് ആവശ്യപ്പെട്ടു. ‘ഉറ്റവരെ നഷ്ടപ്പെട്ട ഭക്തരുടെ കുടുംബങ്ങളെയെങ്കിലും ബി.ജെ.പിയും അവരുടെ ആളുകളും സഹായിക്കണം. ഇപ്പോഴും കണ്ടെത്താത്ത ആ 1,000 ഹിന്ദുക്കളെക്കുറിച്ചുള്ള വിവരങ്ങൾ ബി.ജെ.പി അവരുടെ കുടുംബങ്ങൾക്ക് നൽകണം. കാണാതായവരെക്കുറിച്ചുള്ള പോസ്റ്ററുകൾ പ്രയാഗ്‌രാജിൽ ഇപ്പോഴും ഉണ്ട്. ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാർ ആ പോസ്റ്ററുകൾ നീക്കം ചെയ്യുന്നത് ദുഃഖകരമാണ്. അതിനുപകരം, കാണാതായ 1,000 ഹിന്ദുക്കളെ കണ്ടെത്താനുള്ള അടിയന്തര നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടത്’ - അദ്ദേഹം പറഞ്ഞു.