
ന്യൂഡൽഹി: കുംഭമേളയുടെ സംഘാടനത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി യോഗി സർക്കാറിനും കേന്ദ്ര സർക്കാറിനുമെതിരെ കടുത്ത ആരോപണവുമായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. പ്രയാഗ് രാജിലെ മഹാകുംഭമേളക്കുശേഷം ആയിരം ഹിന്ദുക്കൾ ഇപ്പോഴും കാണാമറയത്താണെന്ന് അഖിലേഷ് ആരോപണം ഉന്നയിച്ചു. ഇവരെ കണ്ടെത്താൻ ഉത്തർ പ്രദേശ് സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും അഖിലേഷ് വിമർശിച്ചു.
‘മഹാ കുംഭമേളയെക്കുറിച്ച് നമ്മളെല്ലാവരും വീണ്ടും വീണ്ടും ഓർക്കുന്നത് നല്ല കാര്യമാണ്. എന്നാൽ, മഹാകുംഭമേള സംഘടിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ എത്ര തുക നൽകി എന്നതാണ് ഏറ്റവും വലിയ ചോദ്യം. വാഹനങ്ങൾ എവിടെ പാർക്ക് ചെയ്യണമെന്നതിനുള്ള ക്രമീകരണങ്ങൾ മാത്രമാണ് മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും മുഖ്യമന്ത്രിമാർ ചെയ്തത്. ആളുകളെ തടയുകയും അതിർത്തിയിലേക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തു’ - മാധ്യമ പ്രവർത്തകരോട് ബുധനാഴ്ചസംസാരിക്കവേ അഖിലേഷ് പറഞ്ഞു.