
ബംഗളുരു: ഒരു സ്ക്രൂഡ്രൈവർ ഉണ്ടെങ്കിൽ ഏത് ഇരുചക്ര വാഹനവും നിഷ്പ്രയാസം കൊണ്ടുപോകാൻ കഴിവുള്ള ഒരു സമർഥനായ കള്ളനുണ്ട്. ബംഗളുരു പൊലീസിന് തലവേദ സൃഷ്ടിച്ച ബൈക്ക് മോഷണങ്ങൾ മാത്രം ലക്ഷ്യം വെച്ചൊരു കള്ളൻ.
ഒരു മിനിറ്റിൽ താഴെ സമയം മതി പ്രസാദ് ബാബു എന്ന കുപ്രസിദ്ധ മോഷ്ട്ടാവിന് ഒരു ഇരുചക്ര വാഹനം എടുത്തുകൊണ്ടുപോകാൻ. ഹാൻഡിൽ ലോക്ക് ചെയ്ത് ഉടമകൾ സുരക്ഷിതമായി വെച്ചിട്ടു പോകുന്ന വാഹനങ്ങളാണ് ഇങ്ങനെ സെക്കന്റുകൾക്കകം ഇയാൾ അടിച്ചുകൊണ്ട് പോകുന്നത്. മോഷ്ടിച്ചെടുത്ത ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും എണ്ണം നൂറ് കടന്നിട്ടാണ് പ്രതിയെ പോലീസ് പിടികൂടുന്നത്.
കഴിഞ്ഞ ദിവസമാണ് പ്രസാദ് ബാബു ബംഗളുരു പൊലീസിന്റെ പിടിയിലായത്.ആന്ധ്രപ്രദേശിലെ ചിറ്റൂർ സ്വദേശിയായ പ്രസാദ് കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് ബംഗളുരുവിൽ നിന്ന് മാത്രം മോഷ്ടിച്ചത് നൂറിലധികം ബൈക്കുകളാണ്. ഓട്ടോഡ്രൈവറായും മെക്കാനിക്കായും ജോലി ചെയ്‌ത് പോയിരുന്ന ഇയാൾ ബംഗളുരുവിന് പുറമെ തമിഴ്നാട്ടിൽ നിന്നും ആന്ധ്രാപ്രദേശിൽ നിന്നും വാഹനങ്ങൾ കടത്തുമായിരുന്നു.
പൊലീസ് കണ്ടെത്തിയ 112 ഇരുചക്ര വാഹനങ്ങളുടെ കൂട്ടത്തിൽ റോയൽ എൻഫീൽഡ് അടക്കമുള്ള ബൈക്കുകളും സ്കൂട്ടറുകളുമൊക്കെ ഉണ്ടായിരുന്നു. കണ്ടെടുത്ത വാഹനങ്ങളിൽ 12 എണ്ണം തമിഴ്നാട് പൊലീസിന് കൈമാറി. 100 എണ്ണം ബംഗളുരുവിൽ നിന്ന് മോഷ്ടിച്ചതാണെന്ന് പ്രതി പറഞ്ഞു. ബംഗളുരുവിൽ നിന്നും മാത്രം ഇയാൾ 100 ബൈക്കുകൾ മോഷ്ടിച്ചു.
മൂന്ന് വർഷത്തിലധികം നീണ്ട മോഷണങ്ങൾക്കിടെ ഇത് ആദ്യമായാണ് ഇയാൾ പൊലീസിന്റെ വലയിലാകുന്നത്.ചിറ്റൂരിൽ നിന്ന് രാത്രി ബസിൽ കയറി ബംഗളുരുവിൽ എത്തി കെആർ പുരയ്ക്ക് സമീപം അവലഹള്ളിയിലാണ് ഇയാൾ പതിവായി ബസ് ഇറങ്ങിയിരുന്നത്. ശേഷം ജനവാസ മേഖലകളിലൂടെ കറങ്ങി നടന്ന് വാഹനങ്ങൾ നോക്കി വെയ്ക്കും. മോഷണത്തിന് പൊതുവേ പ്രതി തെരഞ്ഞെടുക്കുന്നത് അധികം വെളിച്ചമില്ലാത്ത പ്രദേശങ്ങളാണ്. നല്ല മെക്കാനിക്കായ പ്രതിക്ക് ലോക്ക് പൊളിക്കാൻ അധികം സമയം അവശ്യമുണ്ടായിരുന്നില്ല.
ഹാന്റിൽ ലോക്ക് ജോയിന്റിന് സമീപം സ്ക്രൂഡ്രൈവർ വെക്കും ശേഷം കല്ലു കൊണ്ട് ഇടിച്ച് ലോക്ക് പൊട്ടിക്കും. അതിശേഷം വയറുകൾ കൂട്ടിയോജിപ്പിച്ച് സ്റ്റാർട്ട് ചെയ്‌ത് വാഹനാവുമായി മുങ്ങും. മോഷ്ടിച്ച വാഹനവുമായി ഇയാൾ ചിറ്റൂരിലെത്തും. നിസാര വിലയ്ക്കാണ് ഈ വാഹനങ്ങൾ വിറ്റിരുന്നത്. പ്രതിയിൽ നിന്നും വാഹങ്ങൾ വാങ്ങുന്നവർക്കും ഇത് മോഷണ മുതലാണെന്ന് അറിയാമായിരുന്നു.അതുകൊണ്ട് രേഖകളൊന്നും ഇല്ലാതെയായിരുന്നു ഇവരുടെ കച്ചവടം.