

ന്യൂഡൽഹി : 2025-26 വർഷത്തിൽ ഇന്ത്യൻ റെയിൽവേ രാജ്യത്ത് 10 പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നു(Vande Bharat sleeper trains). ഈ ട്രെയിനുകളിൽ 16 കോച്ചുകൾ ആയിരിക്കും ഉണ്ടാകുക. ആകെ 823 യാത്രക്കാർക്ക് ഇരിക്കാനും കിടക്കാനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഈ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ ലോകോത്തര ഇന്റീരിയറുകളും നൂതന സാങ്കേതിക വിദ്യയുമാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കി. മാത്രമല്ല; ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ ഈ തീവണ്ടികളുടെ നിർമാണം അന്തിമ ഘട്ടത്തിലാണെന്നും അധികൃതർ അറിയിച്ചു.
ഇന്ത്യയിൽ കൈനെറ്റ് റെയിൽവേ സൊല്യൂഷൻസ് ലിമിറ്റഡ്, ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ്, ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡ് എന്നീ മൂന്ന് കമ്പനികളാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമാണത്തിൽ ഏർപ്പെട്ടിട്ടുള്ളത്.