ബാലഘട്ട്: മധ്യപ്രദേശിൽ നക്സൽ വിരുദ്ധ പോരാട്ടത്തിൽ സുപ്രധാന വഴിത്തിരിവ്. ബാലഘട്ട് ജില്ലയിൽ 10 മാവോയിസ്റ്റുകളാണ് സുരക്ഷാ സേനയ്ക്ക് മുന്നിൽ കീഴടങ്ങിയത്. കീഴടങ്ങിയവരിൽ നാല് സ്ത്രീകളും ഉൾപ്പെടുന്നു. രണ്ട് എ.കെ. 47 ഉൾപ്പെടെയുള്ള വൻ ആയുധശേഖരവും ഇവർ സേനയ്ക്ക് കൈമാറി. ബാലഘട്ടിൽ ഒരു വനിതാ മാവോയിസ്റ്റ് കീഴടങ്ങി ഒരു മാസത്തിന് ശേഷമാണ് ഈ സുപ്രധാന നീക്കം.(10 Maoists surrender in Madhya Pradesh, 4 women among them)
കീഴടങ്ങിയവരിൽ മോസ്റ്റ് വാണ്ടഡ് കമാൻഡർമാരിൽ ഒരാളായ സുരേന്ദർ എന്ന കബീർ ഉൾപ്പെടുന്നു. 77 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന കബീർ ആയിരുന്നു ഈ സംഘത്തിലെ പ്രധാനി. ശനിയാഴ്ച രാത്രി വൈകി നടന്ന ഈ കീഴടങ്ങലോടെ, ബാലഘട്ട്-മാണ്ഡ്‌ല മേഖലയിൽ പ്രവർത്തിച്ചിരുന്ന എല്ലാ ഉന്നത മാവോയിസ്റ്റ് നേതാക്കളും ആയുധം താഴെ വെച്ചതായി സുരക്ഷാ സേന അവകാശപ്പെട്ടു.
കബീർ ഒരു പ്രത്യേക മേഖലാ കമ്മിറ്റി അംഗമായിരുന്നു. കീഴടങ്ങിയ മറ്റൊരു ഉന്നത അംഗം ഡിവിഷണൽ കമ്മിറ്റി അംഗമായ രാകേഷ് ഹോഡിയാണ്. ഇവരുടെ സംഘം കൻഹ നാഷണൽ പാർക്കിലാണ് പ്രവർത്തിച്ചിരുന്നത്. കീഴടങ്ങിയ കേഡർമാർ കൈമാറിയ ആയുധശേഖരത്തിൽ രണ്ട് എ.കെ.-47 റൈഫിളുകൾ (137 റൗണ്ടുകളോടെ), രണ്ട് ഇൻസാസ് റൈഫിളുകൾ (40 റൗണ്ടുകളോടെ), ഒരു എസ്.എൽ.ആർ. റൈഫിൾ (22 റൗണ്ടുകളോടെ), വെടിയുണ്ടകൾ, ഗ്രനേഡുകൾ, ഡിറ്റണേറ്ററുകൾ, ആശയവിനിമയ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്നു.
മധ്യപ്രദേശ് അധികൃതരുമായുള്ള വിശ്വാസ പ്രശ്‌നങ്ങൾ കാരണം വിമതർ ആദ്യം ഛത്തീസ്ഗഡിൽ കീഴടങ്ങാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ, ഹോക്ക് ഫോഴ്‌സിന്റെ രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നുള്ള നിരന്തരമായ ഇടപെടലുകളും ഉറപ്പുകളുമാണ് ഇവരെ ബാലഘട്ടിൽ ആയുധം താഴെയിടാൻ പ്രേരിപ്പിച്ചത്. നക്സലിസത്തിനെതിരായ പോരാട്ടത്തിൽ ഇത് വളരെ വലിയൊരു മുന്നേറ്റമാണ്. ഈ വർഷം സുരക്ഷാ സേനയുമായി ഇവരുടെ സംഘം കുറഞ്ഞത് മൂന്ന് ഏറ്റുമുട്ടലുകളിൽ ഉൾപ്പെട്ടിരുന്നു.