
തിരുവനന്തപുരം: പുതുവർഷാരംഭമായ 2025 ജനുവരി 1 മുതല്‍ പഴയ വേര്‍ഷനുകളിലുള്ള ആന്‍ഡ്രോയ്‌ഡ് ഫോണുകളില്‍ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് ലഭ്യമാകില്ലെന്ന് അറിയിച്ച് മെറ്റ(WhatsApp to Stop Working on These Older Android Devices).
"കിറ്റ്‌കാറ്റോ"യോ അതിലും പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലോ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയ്‌ഡ് ഫോണുകളിലാണ് വാട്‌സ്ആപ്പ് പ്രവര്‍ത്തന രഹിതമാവുക. ഒരുകാലത്ത് പ്രതാപകാരികളായിരുന്ന സാംസങ് ഗ്യാലക്സി എസ്3, എച്ച്‌ടിസി വണ്‍ എക്സ് തുടങ്ങിയ ഫോണുകളില്‍ നിന്നെല്ലാം വാട്‌സ്ആപ്പ് പുതുവത്സര ദിനത്തില്‍ അപ്രത്യക്ഷമാകും.
ഇത്തരം പഴയ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ വാട്‌സ്ആപ്പ് ലഭിക്കാന്‍ പുത്തന്‍ ഡിവൈസുകള്‍ വാങ്ങുക മാത്രമേ നിവർത്തിയുള്ളു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതികവിദ്യയിലുള്ള മെറ്റ, എഐ അടക്കം അടുത്തിടെ വാട്‌സ്ആപ്പിൽ അവതരിപ്പിച്ചിരുന്നു. ഇത്തരം പുത്തന്‍ ഫീച്ചറുകള്‍ പഴയ ആന്‍ഡ്രോയ്‌ഡ് വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കില്ല എന്നതിനാലാണ് പഴയ വേർഷൻ ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവർത്തിക്കുന്നത് അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചത്.
വാട്‌സ്ആപ്പ് നഷ്‌ടമാകുന്ന പ്രധാന ആന്‍ഡ്രോയ്‌ഡ് ഫോണുകൽ ഇവയാണ്: "സാംസങ് ഗ്യാലക്സി എസ്3, സാംസങ് ഗ്യാലക്‌സി നോട്ട് 2, സാംസങ് ഗ്യാലക്സി എസ്4 മിനി, മോട്ടോറോള മോട്ടോ ജി (ഒന്നാം ജനറേഷന്‍), മോട്ടോറോള റേസര്‍ എച്ച്‌ഡി, മോട്ടോ ഇ 2014, എച്ച്‌ടിസി വണ്‍, എച്ച്‌ടിസി വണ്‍ എക്‌സ്+, എച്ച്‌ടിസിഡിസൈര്‍ 500, എച്ച്‌ടിസിഡിസൈര്‍ 601, എല്‍ജി ഒപ്റ്റിമസ് ജി, എല്‍ജി നെക്സസ് 4, എല്‍ജി ജി2 മിനി, എല്‍ജി എല്‍90, സോണി എക്‌സ്പീരിയ സ്സെഡ്, സോണി എക്‌സ്പീരിയ എസ്പി, സോണി എക്‌സ്പീരിയ ടി, സോണി എക്‌സ്പീരിയ വി".
2013ല്‍ അവതരിപ്പിച്ച ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ആന്‍ഡ്രോയ്‌ഡ് കിറ്റ്‌കാറ്റ്. ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ള പിന്തുണ ഗൂഗിള്‍ ഈ വര്‍ഷം ആദ്യം അവസാനിപ്പിച്ചിരുന്നു. ഐഒഎസ് 15.1 മുതല്‍ പിന്നോട്ടുള്ള ഐഫോണുകളിലെ വാട്‌സ്ആപ്പിന്‍റെ പ്രവര്‍ത്തനവും 2025ല്‍ അവസാനിക്കും. എന്നാല്‍ ഇതിന് 2025 മെയ് 5 വരെ സമയമുണ്ട്.