
മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാം ജനപ്രിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു രംഗത്തെത്തി(Instagram Updates). ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകളാണ് നിലവിൽ ഇൻസ്റ്റാഗ്രാമിൽ ഇടാൻ സൗകര്യമുള്ളത്. എന്നാൽ ഇതിന്റെ ദൈര്‍ഘ്യം വർദ്ധിപ്പിക്കുമെന്നും പ്രൊഫൈല്‍ ഗ്രിഡിൽ മാറ്റം വരുത്തുമെന്നും വീഡിയോ എഡിറ്റിങ് ആപ്പായ "എഡിറ്റ്‌സ്സ്" അവതരിപ്പിക്കുമെന്നും മെറ്റ ഇന്‍സ്റ്റഗ്രാം മേധാവി ആദം മോസെരിയ ഔദ്യോഗികമായി അറിയിച്ചു.
ഇൻസ്റാഗ്രാമിന്റെ പ്രഖ്യാപിത മാറ്റം നിലവിൽ വരുമ്പോൾ ഒന്നര മിനിറ്റിനു പകരം ഉപഭോക്താക്കള്‍ക്ക് മൂന്ന് മിനിറ്റു വരെയുള്ള റീലുകള്‍ പങ്കുവെക്കാന്‍ അവസരം ഒരുങ്ങും. സാധാരണ പോസ്റ്റായി, ദൈര്‍ഘ്യമേറിയ വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ ഇന്‍സ്റ്റഗ്രാം നേരത്തേ മുതല്‍ തന്നെ അനുവദിക്കുന്നുണ്ട്. എന്നാൽ റീലുകൾക്ക് ഈ സമയ ദൈര്‍ഘ്യം കുറവാണെന്ന് അഭിപ്രായം ഉയർന്നതിനെ തുടർന്നാണ് പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചത്. ലൈക്ക് ചെയ്ത വീഡിയോകള്‍ പ്രത്യേകമായി കാണിക്കുന്ന വിഭാഗവും ഇനി മുതൽ ആപ്പിൽ ലഭ്യമാകും. മാത്രമല്ല; പ്രത്യേക ഫീഡിലാണ് ഈ വീഡിയോകള്‍ കാണാന്‍ കഴിയുക. ഇതോടെ റീല്‍സിനെ പ്രത്യേകമായി കാണിക്കുന്നിടത്തും മാറ്റം കൊണ്ടുവന്നിരിക്കുകയാണ് ഇൻസ്റ്റാഗ്രാം.
അതുപോലെ തന്നെ, പ്രൊഫൈല്‍ ഗ്രിഡിലും ആകര്‍ഷകമായ മാറ്റം കൊണ്ടുവരുമെന്ന് ഇൻസ്റ്റാഗ്രാം അറിയിച്ചു. നിലവില്‍ സമചതുരാകൃതിയിലുള്ള ഇൻസ്റ്റാഗ്രാം ഗ്രിഡ് ഇനി മുതൽ ദീര്‍ഘചതുരാകൃതിയിലാകും ലഭ്യമാകുക. വീഡിയോകളും ചിത്രങ്ങളും ക്രോപ്പ് ചെയ്ത് കാണുന്നതിനേക്കാള്‍ ഉപഭോക്താക്കള്‍ക്ക് ഇങ്ങനെ കാണാനാകും സൗകര്യപ്രദമെന്നും ഇന്‍സ്റ്റഗ്രാം മേധാവി സൂചിപ്പിച്ചു.
ഡ്രാഫ്റ്റ് ചെയ്ത വീഡിയോകള്‍ മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള ഓപ്ഷന്‍, ഉന്നത നിലവാരമുള്ള വീഡിയോ, വീഡിയോയുടെ ഇന്‍സൈറ്റ് എന്നിവയ്ക്ക് സഹായിക്കുന്ന വീഡിയോ എഡിറ്റിങ് ആപ്പ് "എഡിറ്റ്‌സ്സും" ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കും. എന്നാൽ ഈ സൗകര്യങ്ങൾ ലഭ്യമായ ഇൻസ്റ്റാഗ്രാം ഇതുവരെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിട്ടില്ല. മാർച്ച് 13 ന് ആപ്പ് പുറത്തു വരുമെന്നാണ് വിവരം. എന്നാൽ ആപ്പിന്റെ പ്രീ രജിസ്‌ട്രേഷൻ ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ ആരംഭിച്ചിട്ടുണ്ട്.