
ന്യൂഡൽഹി: വഖഫ് സാമൂഹിക നീതിക്കെതിരാണെന്നും ഭരണഘടനയില്‍ വഖഫിന് സ്ഥാനമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi).വോട്ട് ബാങ്ക് വര്‍ദ്ധിപ്പിക്കാനാണ് വഖഫ് നിയമം ഉണ്ടാക്കിയതെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയത്തിന് പിന്നാലെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മഹാരാഷ്ട്രയിലേത് മറ്റൊരു ഐതിഹാസിക വിജയമായെന്നും മോദി പറഞ്ഞു. രാജ്യത്ത് എൻഡിഎയ്ക്ക് മൂന്നാം തവണ വിജയം നൽകുന്ന ആറാമത്തെ സംസ്ഥാനമാണ് മഹാരാഷ്ട്രയും ബീഹാറും.
"കള്ളത്തരത്തിന്റെയും കുടുംബ രാഷ്ട്രീയത്തിന്റെയും രാഷ്ട്രീയം മഹാരാഷ്ട്രയില്‍ പരാജയപ്പെട്ടു. വികസിത ഭാരതം എന്ന സങ്കല്പത്തിന് വലിയ ഊർജം നൽകുന്നതാണ് മഹാരാഷ്ട്രയിലെ വിജയം. മഹാരാഷ്ട്രയിലേത് 50 വർഷത്തിലെ ഏറ്റവും വലിയ വിജയമാണ്.'-പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പ്രതീക്ഷ ബിജെപിയിലും എൻഡിഎയിലും മാത്രമാണെന്ന് തെളിഞ്ഞുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.