തൃശ്ശൂർ: അടാട്ട് പഞ്ചായത്തിലെ പ്രമുഖ കോൺഗ്രസ് നേതാവ് ഹരീഷ് പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നു. കോൺഗ്രസ് നേതാവ് അനിൽ അക്കരയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചാണ് ഹരീഷ് ബി.ജെ.പി.യിൽ ചേർന്നത്. ഹരീഷിനെ ബി.ജെ.പി.യിലേക്ക് സ്വാഗതം ചെയ്തതായി സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ അറിയിച്ചു.(Anil Akkara took money and fielded the candidate, Congress leader joins BJP)
അടാട്ട് പഞ്ചായത്തിൽ അനിൽ അക്കര പണം വാങ്ങി സ്ഥാനാർത്ഥിയെ നിർത്തുകയാണെന്ന് ഹരീഷ് ആരോപിച്ചു. സി.പി.എം.-കോൺഗ്രസ് അന്തർധാര സജീവമാണ്. പതിനാലാം വാർഡിൽ ഡി.സി.സി. പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ പിൻവലിച്ച് സ്വന്തം സ്ഥാനാർത്ഥിയെയാണ് അനിൽ അക്കര നിർത്തിയത്.
അനിൽ അക്കര ഇടപെടുന്ന എല്ലാ വിഷയവും സെറ്റിൽമെൻ്റിൻ്റേതാണെന്നും ഹരീഷ് മാധ്യമങ്ങളോട് പറഞ്ഞു. അനിൽ അക്കര ഇനി മുതൽ 'ബ്രൈബ് സെറ്റിൽമെൻ്റ് മാൻ' എന്നറിയപ്പെടുമെന്നും ഇയാളുടെ സെറ്റിൽമെൻ്റിൽ മനം മടുത്താണ് ഹരീഷ് ബി.ജെ.പി.യിൽ ചേർന്നതെന്നും അഡ്വ. ബി. ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.
ശബരിമലയിലെ തീർത്ഥാടകരുടെ ദുരിതം ചൂണ്ടിക്കാട്ടി ബി. ഗോപാലകൃഷ്ണൻ സർക്കാരിനെതിരെയും ശക്തമായ വിമർശനം ഉന്നയിച്ചു. സർക്കാർ ശബരിമല തീർത്ഥാടകരെ ചതിക്കുകയാണ്. സന്നിധാനത്തെ തിരക്ക് കണ്ട് ദേവസ്വം പ്രസിഡൻ്റ് പകച്ചുപോയി. ഭക്തജന തിരക്ക് കണ്ട് പകച്ചു പോകുന്ന പ്രസിഡൻ്റിനെ വെച്ച് എങ്ങനെ മുന്നോട്ട് പോകുമെന്നാണ് അദ്ദേഹത്തിൻ്റെ ചോദ്യം.