വയനാട്: വയനാട് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിമതനായി മത്സരിക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയലിനെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിൻ്റെ ശ്രമങ്ങൾ ഫലം കണ്ടേക്കും. കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്താനായി ജഷീർ പള്ളിവയൽ ഡി.സി.സി. ഓഫീസിൽ എത്തി. വയനാട് ജില്ലാ പഞ്ചായത്തിലേക്ക് കേണിച്ചിറ ഡിവിഷനിൽ നിന്നാണ് ജഷീർ വിമത സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചത്.(Youth Congress rebel move towards settlement? Jasheer at DCC office)
വിമത സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച ശേഷം ജഷീർ പള്ളിവയൽ തൻ്റെ വികാരം പരസ്യമായി പങ്കുവെച്ചിരുന്നു: "മരിക്കുന്നതുവരെ കോൺഗ്രസുകാരനായി തുടരും. പാർട്ടിയിലെ ചില ആളുകൾ സ്ഥാനാർത്ഥിത്വം ഇല്ലാതാക്കാൻ ശ്രമിച്ചു. ജന്മനാട്ടിൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന് വിലയിരുത്തിയത് വേദനിപ്പിച്ചു. പാർട്ടി തീരുമാനം മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു."
ജഷീറുമായി ചർച്ച നടത്താൻ ടി. സിദ്ദിഖ് എം.എൽ.എ., ഡി.സി.സി. പ്രസിഡൻ്റ് ടി.ജെ. ഐസക് എന്നിവർ ഡി.സി.സി. ഓഫീസിലുണ്ട്. നിലവിലെ സാഹചര്യത്തിൽ വിമത സ്ഥാനാർത്ഥിയായ ജഷീർ പത്രിക പിൻവലിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. ഇതോടെ വയനാട്ടിൽ യു.ഡി.എഫിന് തലവേദന സൃഷ്ടിച്ച ഒരു പ്രതിസന്ധിക്ക് പരിഹാരമാകും.