'സ്ത്രീ ലമ്പടന്മാർ എന്താണ് കാട്ടിക്കൂട്ടുന്നത് ? ന്യായീകരിച്ചാൽ സമൂഹം അംഗീകരിക്കില്ല, അതിജീവിതയ്ക്ക് ഒപ്പം': തുറന്നടിച്ച് മുഖ്യമന്ത്രി | Chief Minister

എന്താണ് കാട്ടിക്കൂട്ടുന്നതെന്ന് തുറന്നു പറയണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു
'സ്ത്രീ ലമ്പടന്മാർ എന്താണ് കാട്ടിക്കൂട്ടുന്നത് ? ന്യായീകരിച്ചാൽ സമൂഹം അംഗീകരിക്കില്ല, അതിജീവിതയ്ക്ക് ഒപ്പം': തുറന്നടിച്ച് മുഖ്യമന്ത്രി | Chief Minister
Updated on

കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ കോൺഗ്രസ് നേതൃത്വം സ്വീകരിച്ച നിലപാടിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷ വിമർശനമുയർത്തി. ലൈംഗിക വൈകൃത കുറ്റവാളികളെ 'വെൽ ഡ്രാഫ്റ്റഡ്' എന്ന് പറഞ്ഞ് ന്യായീകരിക്കാൻ ശ്രമിച്ചാൽ പൊതുസമൂഹം അംഗീകരിക്കില്ലെന്നും, ഇപ്പോൾ പുറത്തുവന്നതിനേക്കാൾ ഗുരുതരമായ കാര്യങ്ങൾ ഇനിയും പുറത്തുവന്നേക്കാമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.(With the survivor, Chief Minister castes vote)

കണ്ണൂർ പിണറായി പഞ്ചായത്തിലെ കാട്ടിലെപീടിക ചേരിക്കൽ ജൂനിയർ ബേസിക് സ്കൂളിൽ കുടുംബസമേതം വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി 'വെൽ ഡ്രാഫ്റ്റഡ്' ആണെന്ന കെ.പി.സി.സി. നേതാവ് സണ്ണി ജോസഫിൻ്റെ പ്രതികരണമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. "കോൺഗ്രസിലെ സ്ത്രീ ലമ്പടന്മാർ എന്താണ് കാട്ടിക്കൂട്ടുന്നതെന്ന് തുറന്നു പറയണം," മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കോൺഗ്രസിനടക്കം ലഭിച്ച പരാതികളിൽ, ഇരയായവർക്ക് കൊന്നു തള്ളുമെന്ന ഭീഷണിയാണ് നേരിടേണ്ടി വരുന്നത്. യഥാർത്ഥ വസ്തുതകൾ തുറന്നുപറഞ്ഞാൽ ജീവൻ അപകടത്തിലാകുമെന്ന് അവർ ഭയപ്പെടുന്നു. അതുകൊണ്ട് തന്നെ "ഇപ്പോൾ വന്നതിനേക്കാൾ അപ്പുറമുള്ള കാര്യങ്ങൾ ഇനിയും പുറത്തുവന്നേക്കാം" എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നടി ആക്രമിക്കപ്പെട്ട കേസിൽ യു.ഡി.എഫ്. കൺവീനർ പറഞ്ഞത് യു.ഡി.എഫിൻ്റെ നിലപാടായിട്ടേ കാണാൻ സാധിക്കൂ. എന്നാൽ അതിജീവിതയ്ക്കൊപ്പമാണ് നാടും സർക്കാരും ഉള്ളതെന്നും ആ പിന്തുണ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള പ്രതീക്ഷകളും മുഖ്യമന്ത്രി പങ്കുവെച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ എൽഡിഎഫ് നല്ല ആത്മവിശ്വാസത്തിലായിരുന്നു. ഇരു ഘട്ടങ്ങളിലെയും പ്രചാരണത്തിൽ നിന്ന് വലിയ തോതിലുള്ള ജനപിന്തുണ വ്യക്തമായെന്നും ഇത് ചരിത്ര വിജയം സമ്മാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫിൻ്റെ മേഖലകളിൽ അടക്കം എൽഡിഎഫിന് അനുകൂലമായ തരംഗമുണ്ടാകും. മികവാർന്ന വിജയത്തിലേക്ക് എൽഡിഎഫ് കുതിക്കുന്ന കാഴ്ചയായിരിക്കും ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാകുക.

ശബരിമലയിലെ സ്വർണക്കൊള്ള വിവാദത്തിൽ സർക്കാർ സ്വീകരിച്ച കർശന നിലപാടിന് വിശ്വാസികളുടെ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. "ഈ സർക്കാർ അല്ലായിരുന്നെങ്കിൽ ഇത്തരമൊരു നടപടിയുണ്ടാകില്ലെന്ന് വിശ്വാസികൾക്കടക്കം വ്യക്തമായി. വിശ്വാസികൾക്ക് അടക്കം ഇക്കാര്യത്തിൽ സർക്കാരിന് പിന്തുണ നൽകുന്നുണ്ട്," അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് സഖ്യമുണ്ടാക്കിയതിനെയും മുഖ്യമന്ത്രി വിമർശിച്ചു. മുസ്ലിം പൊതുജനങ്ങൾ തള്ളിയ സംഘടനയാണ് ജമാഅത്തെ ഇസ്ലാമിയെന്നും, അവരുമായി കൂട്ടുകൂടിയത് യുഡിഎഫിന് ഈ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com