

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ച തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. ഉജ്ജ്വല വിജയം നേടുമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സംസ്ഥാന സർക്കാരിന്റെ തട്ടിപ്പുകളും ശബരിമലയിലെ സ്വർണ്ണക്കൊള്ള ഉൾപ്പെടെയുള്ള വിഷയങ്ങളും പൊതുജനം തിരിച്ചറിയുമെന്നും ഇത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.(Will respond to the government's frauds, says KC Venugopal)
എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പ്രത്യേകം പ്രകടനപത്രികകൾ പുറത്തിറക്കും. യു.ഡി.എഫിൽ സ്ഥാനാർത്ഥികൾക്ക് വേണ്ടി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്. തർക്കമുള്ള ഇടങ്ങളിലെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കും. വർഗീയ കക്ഷികളുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലെന്ന് വ്യക്തമാക്കിയ കെ.സി. വേണുഗോപാൽ, സി.പി.എമ്മും ബി.ജെ.പി.യും തമ്മിൽ ധാരണയുണ്ടെന്നും ആരോപിച്ചു.
യു.ഡി.എഫ്. വിജയപ്രതീക്ഷ പങ്കുവെക്കുമ്പോൾ, നിലവിൽ തദ്ദേശ സ്ഥാപനങ്ങളിൽ എൽ.ഡി.എഫിനാണ് മേൽക്കൈ. ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ അഞ്ചിടത്തും (തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂർ, കൊല്ലം) എൽ.ഡി.എഫിനാണ് ഭരണം. കണ്ണൂരിൽ മാത്രമാണ് യു.ഡി.എഫ്. ഭരിക്കുന്നത്.
ആകെയുള്ള 87 നഗരസഭകളിൽ 44 എണ്ണം എൽ.ഡി.എഫും 41 എണ്ണം യു.ഡി.എഫും ഭരിക്കുന്നു. പാലക്കാടും പന്തളത്തുമാണ് ബി.ജെ.പി. ഭരണം. 14 ജില്ലാ പഞ്ചായത്തുകളിൽ 11 ഇടത്തും എൽ.ഡി.എഫിനാണ് ഭരണം. 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 113-ലും എൽ.ഡി.എഫ്. ഭരണമുണ്ട്. 941 ഗ്രാമ പഞ്ചായത്തുകളിൽ 571 എണ്ണം എൽ.ഡി.എഫും 351 എണ്ണം യു.ഡി.എഫും ഭരിക്കുന്നു. എൻ.ഡി.എ.ക്ക് 12 പഞ്ചായത്തുകളിൽ ഭരണമുണ്ട്.