കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ പാർട്ടികൾ ഭരണം പിടിക്കാൻ കടുത്ത പോരാട്ടത്തിലാണ്. വർഗീയ പാർട്ടികളുടെ വോട്ട് വേണ്ടെന്ന് പൊതുവിൽ പ്രഖ്യാപിക്കുന്ന രാഷ്ട്രീയ നേതൃത്വം, മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിൽ എത്തിയാൽ കാണുന്നത് വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യമാണ്. എസ്ഡിപിഐയുമായുള്ള രഹസ്യധാരണയുടെ പേരിൽ സിപിഎമ്മിന് രാഷ്ട്രീയമായി പഴികേൾക്കേണ്ടി വന്ന ഈ പഞ്ചായത്തിൽ ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്.(Who will take over Kannur Muzhappilangad contest?)
കിഴക്ക് അഞ്ചരക്കണ്ടി പുഴയും പടിഞ്ഞാറ് അറബിക്കടലും അതിർത്തി പങ്കിടുന്ന ഈ പഞ്ചായത്തിലെ രാഷ്ട്രീയ മണ്ണ് അത്ര ഉറച്ചതല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആര് ഭരിക്കണമെന്ന് നാലു സീറ്റുള്ള എസ്ഡിപിഐക്ക് നിർണയിക്കാമായിരുന്നു. എന്നാൽ, എസ്ഡിപിഐ മൗനം പാലിച്ചതും ഇത് ഫലത്തിൽ എൽഡിഎഫിനെ തുണച്ചതും വലിയ രാഷ്ട്രീയ ആക്ഷേപത്തിന് വഴിവെച്ചിരുന്നു. തീരദേശ വോട്ടിലെ ചാഞ്ചാട്ടം മറികടന്ന് ഇടതുപക്ഷം കോട്ട നിലനിർത്തിയതിന്റെ പിന്നിലെ 'അടവുനയ'ത്തെ യുഡിഎഫ് ചോദ്യം ചെയ്തിരുന്നു.
നിലവിലെ കക്ഷിനില എൽഡിഎഫ് 7, യുഡിഎഫ് 4, എസ്ഡിപിഐ 4 എന്നിങ്ങനെയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ഉറച്ച രണ്ട് വാർഡുകൾ എസ്ഡിപിഐ പിടിച്ചെടുക്കുകയും യുഡിഎഫിന്റെ രണ്ട് വാർഡുകൾ നഷ്ടമാകുകയും ചെയ്തിരുന്നു. ഇതിൽ സിപിഎം മൂന്നാമതായതിനെ യുഡിഎഫ് കാണുന്നത് 'അടവുനയ'മായാണ്.
അഞ്ചു വർഷത്തെ ഭരണ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫ് ഇതിനെ പ്രതിരോധിക്കുന്നത്. അഞ്ചരക്കണ്ടി പുഴയിലെ മണലൂറ്റ് വിവാദം, ടൂറിസം, അടിസ്ഥാന സൗകര്യ വികസനമില്ലായ്മ എന്നിവ യുഡിഎഫ് പ്രധാന ആക്ഷേപങ്ങളായി ഉയർത്തുന്നു. തെരുവുനായ ശല്യത്തിലും മാറ്റമില്ലെന്നും, ഭിന്നശേഷിക്കാരനായ കുഞ്ഞു നിഹാലിന്റെ മരണം കേരളം മറന്നിട്ടില്ലെന്നും യുഡിഎഫ് പറയുന്നു.
എസ്ഡിപിഐ വോട്ടുകൾ മറിയുന്ന ദിശയിലായിരിക്കും പഞ്ചായത്തിലെ ഭരണം എന്നതിൽ തർക്കമില്ല. എന്നാൽ ഇത്തവണ എന്താണ് തങ്ങളുടെ നിലപാടെന്ന് നേതൃത്വം പരസ്യമാക്കുന്നില്ല. ഇത്തവണത്തെ ത്രികോണ പോരാട്ടത്തിൽ പഞ്ചായത്ത് ആര് 'ഡ്രൈവ്' ചെയ്യുമെന്ന ആകാംഷയിലാണ് രാഷ്ട്രീയ കേരളം.