കൊച്ചി: കൊച്ചി കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ അടുത്ത മേയർ വനിതയാകും എന്ന് ഉറപ്പായതോടെ സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി മുന്നണികളിൽ തിരക്കിട്ട ചർച്ചകൾ. ഭരണം നിലനിർത്താൻ എൽഡിഎഫും തിരിച്ചുപിടിക്കാൻ യുഡിഎഫും ശ്രമിക്കുമ്പോൾ മേയർ സ്ഥാനത്തേക്ക് ആരെത്തുമെന്ന ആകാംഷയിലാണ് നഗരം.(Who will be Kochi's mayor, the question thrives)
മേയർ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന നേതാക്കളുടെ നീണ്ട നിര തന്നെയുണ്ട് യുഡിഎഫ് ക്യാമ്പിന്റെ കരുത്തും പ്രതിസന്ധിയും. കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനാണ് നിലവിൽ പ്രഥമ പരിഗണന നൽകുന്നത്. മുൻ മേയർ സൗമിനി ജെയിൻ, മഹിള കോൺഗ്രസ് നേതാവ് അഡ്വ. മിനി മോൾ, മുൻ കൗൺസിലർ ഷൈനി മാത്യു എന്നിവരടങ്ങിയ നീണ്ട ലിസ്റ്റാണ് കോൺഗ്രസിനുള്ളത്.
സൗമിനി ജെയിനിനെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പിനെ നേരിടണമെന്ന ശക്തമായ ആവശ്യവും കോൺഗ്രസ് ക്യാമ്പിനുള്ളിൽ ഉയരുന്നുണ്ട്. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിന് കിട്ടിയ ഭരണം നിലനിർത്തേണ്ടത് എൽഡിഎഫിന് അഭിമാന പ്രശ്നമാണ്. മേയർ സ്ഥാനത്തേക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയെ കൊണ്ടുവരണമോ, അതോ പാർട്ടി നേതാവിനെ നിർത്തണമോ എന്ന ചർച്ചകളാണ് എൽഡിഎഫിൽ നടക്കുന്നത്.
2005-ൽ സെന്റ് തെരേസാസ് കോളേജ് അധ്യാപികയായി വിരമിച്ച മേഴ്സി വില്യംസിനെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കി ജയിപ്പിച്ചാണ് സി.പി.എം. കൊച്ചിയുടെ ആദ്യ വനിതാ മേയറാക്കിയത്. 2015-ൽ സൗമിനി ജെയിൻ ആയിരുന്നു രണ്ടാമത്തെ വനിതാ മേയർ.
ഇടപ്പള്ളിയിൽ നിന്നുള്ള കൗൺസിലർ ദീപ വർമ, കൊച്ചി ഏരിയ സെക്രട്ടറി പി.എസ്. രാജം, അധ്യാപികയായ ഡോ. പൂർണിമ നാരായണൻ എന്നിവരാണ് എൽഡിഎഫിന്റെ സാധ്യതാ പട്ടികയിലുള്ളത്.
അഭിമാന പദ്ധതികൾ മുൻനിർത്തി വോട്ടുതേടുന്ന സി.പി.എം. ഇക്കുറി ഭരണം നിലനിർത്താൻ വീണ്ടും സ്വതന്ത്രയെ കൊണ്ടുവരുമോയെന്നതാണ് രാഷ്ട്രീയ നിരീക്ഷകർ കൗതുകത്തോടെ നോക്കുന്നത്. പല ഘടകങ്ങളും പരിഗണിച്ച ശേഷമായിരിക്കും മേയർ സ്ഥാനാർത്ഥിയെക്കുറിച്ചുള്ള അന്തിമ തീരുമാനം.