വയനാടും ഇടുക്കിയും പുകയുന്നു: സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസിൽ പൊട്ടിത്തെറി | Congress

കൂട്ടരാജി കോൺഗ്രസിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്
Wayanad and Idukki Congress erupts over candidate selection
Published on

വയനാട്: നാമനിർദേശ പത്രികാ സമർപ്പണം നാളെ അവസാനിക്കാനിരിക്കെ, വയനാട്, ഇടുക്കി ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി നിർണയം പൂർത്തിയാക്കാൻ കഴിയാതെ കോൺഗ്രസ്. പ്രമുഖ ഡിവിഷനുകളിലെ തർക്കങ്ങൾ പരിഹരിക്കാത്തതിനെ തുടർന്ന് ഇരു ജില്ലകളിലും പ്രാദേശിക തലത്തിൽ പ്രതിഷേധവും കൂട്ടരാജിയും ശക്തമായി.(Wayanad and Idukki Congress erupts over candidate selection)

വയനാട്ടിൽ തോമാട്ടുചാൽ, മുട്ടിൽ, കേണിച്ചിറ ഡിവിഷനുകളിലാണ് തർക്കം അതിരൂക്ഷമായിരിക്കുന്നത്. തോമാട്ടുചാലിലും കേണിച്ചിറയിലും യൂത്ത് കോൺഗ്രസ് നേതാക്കളെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് ശക്തം. സംസ്ഥാന ജനറൽ സെക്രട്ടറി ജഷീർ പള്ളിവയൽ, അമൽ ജോയ് എന്നിവർക്ക് സീറ്റ് നിഷേധിച്ചതിൽ യൂത്ത് കോൺഗ്രസ് കടുത്ത അതൃപ്തിയിലാണ്. കെ.എസ്.യു.വും പ്രതിഷേധവുമായി രംഗത്തുണ്ട്.

സ്ഥാനാർഥി നിർണയത്തിലെ അതൃപ്തിയെ തുടർന്ന് പ്രാദേശിക തലത്തിൽ കൂട്ടരാജി തുടരുകയാണ്. സുൽത്താൻ ബത്തേരി നെൻമേനിയിൽ മണ്ഡലം വൈസ് പ്രസിഡന്റുമാരും സെക്രട്ടറിയും ഡി.സി.സി. പ്രസിഡന്റിന് രാജിക്കത്ത് കൈമാറി. ചുള്ളിയോട് ബ്ലോക്കിലെ സ്ഥാനാർഥി നിർണയത്തിലെ പ്രതിഷേധമാണ് രാജിക്ക് കാരണം.

ഇടുക്കിയിലും ജില്ലാ പഞ്ചായത്ത് സീറ്റുകളിലെ സ്ഥാനാർഥി നിർണയം കോൺഗ്രസിന് പൂർത്തിയാക്കാനായിട്ടില്ല. അടിമാലിയിലെ സീറ്റ് 'പേയ്‌മെന്റ് സീറ്റാണ്' എന്ന ഗുരുതര ആരോപണമുയർന്നിട്ടുണ്ട്. നേതൃത്വത്തിന് എതിരെ അടിമാലിയിൽ 'സേവ് കോൺഗ്രസ്' എന്ന പേരിലുള്ള പോസ്റ്റർ പ്രചാരണവും ശക്തമായി. സമീപ ദിവസങ്ങളിൽ രാജി സമർപ്പിച്ച നേതാക്കളുടെ എണ്ണം വർധിക്കുന്നത് കോൺഗ്രസ് നേതൃത്വത്തിന് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com