തൃശ്ശൂർ: കുന്നംകുളം പോലീസ് കസ്റ്റഡി മർദ്ദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്നു. ചൊവ്വന്നൂർ ഡിവിഷനിൽ നിന്ന് ബ്ലോക്ക് പഞ്ചായത്തിലേക്കാണ് സുജിത്ത് മത്സരിക്കുന്നത്.(VS Sujith, who was beaten up by the police to compete in election)
കേരളത്തിലെ പോലീസ് അതിക്രമത്തിനെതിരായുള്ള ജനവിധി തേടിയാണ് താൻ മത്സരരംഗത്തേക്ക് ഇറങ്ങുന്നതെന്ന് സുജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. "ചൊവ്വന്നൂർ സി.പി.ഐ.എമ്മിന്റെ കുത്തക ഡിവിഷനാണ്. എന്നാൽ എന്നെ 13 വർഷത്തിലേറെയായി നാട്ടുകാർക്ക് അറിയാം. പോലീസ് അതിക്രമത്തിനെതിരായ ഈ പോരാട്ടത്തിൽ ജനങ്ങൾ തൻ്റെ കൂടെ നിൽക്കുമെന്നാണ് പ്രതീക്ഷ," സുജിത്ത് കൂട്ടിച്ചേർത്തു.
കുന്നംകുളം കസ്റ്റഡി മർദ്ദനത്തിൻ്റെ ഇരയാണ് സുജിത്ത്. 2023 ഏപ്രിൽ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. വഴിയരികിൽ നിന്ന് സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയ പോലീസിനോട് സുജിത്ത് വിവരം അന്വേഷിച്ചത് എസ്.ഐ. നുഹ്മാനെ പ്രകോപിപ്പിച്ചു. തുടർന്ന് സുജിത്തിനെ സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.