എറണാകുളം: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. ഉജ്ജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഈ തിരഞ്ഞെടുപ്പിലൂടെ തദ്ദേശ സ്ഥാപനങ്ങൾ പിടിച്ചെടുക്കുക എന്നതിലുപരി സംസ്ഥാന സർക്കാരിനെ വിചാരണ ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.(UDF will win local body elections, says VD Satheesan )
വെൽഫെയർ പാർട്ടി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും, അത് സ്വീകരിക്കുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. സംസ്ഥാനത്ത് നിലവിൽ ഭരിക്കുന്നത് ജനവിരുദ്ധ സർക്കാരാണെന്നുള്ളത് ജനങ്ങളെ ബോധിപ്പിക്കും. തിരഞ്ഞെടുപ്പിൽ ഉന്നയിക്കുന്ന പ്രധാന വിഷയങ്ങൾ ഇവയാണ്:
കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളം. ശബരിമല സ്വർണ്ണക്കൊള്ളയിൽ സി.പി.എം. നിയമിച്ച മൂന്ന് പ്രസിഡന്റുമാർക്ക് പങ്കുണ്ട്. സംസ്ഥാനത്തെ കാർഷിക മേഖല വലിയ പ്രതിസന്ധിയിലാണ്. തീരദേശത്തോടും മലയോര മേഖലയോടും വലിയ രീതിയിലുള്ള അവഗണനയാണ് സർക്കാർ കാണിക്കുന്നത്. മലയോര മേഖലയെ വന്യജീവികൾക്ക് ഇട്ടുകൊടുത്തിരിക്കുകയാണ്. ആരോഗ്യ രംഗം തകരാറിലാണെന്നും അദ്ദേഹം ആരോപിച്ചു.
മുന്നൊരുക്കങ്ങളുടെ കാര്യത്തിൽ യു.ഡി.എഫ്. മറ്റ് മുന്നണികളെക്കാൾ മുന്നിലാണെന്ന് വി.ഡി. സതീശൻ അവകാശപ്പെട്ടു. കോഴിക്കോട് ജില്ലയിൽ സീറ്റ് വിഭജനം പൂർത്തിയാകും. അപൂർവ്വം സീറ്റുകളിൽ മാത്രമാണ് തർക്കമുള്ളത്. എറണാകുളം ജില്ലയിലെ പഞ്ചായത്തുകളിൽ നേരത്തെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി. കോട്ടയം ജില്ലയിൽ സാഹചര്യം മാറുമെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തകരെല്ലാം തിരഞ്ഞെടുപ്പിനായുള്ള ആവേശത്തിലാണെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.