തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളം വിധിയെഴുതി. സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് ശക്തമായ മുന്നേറ്റമാണ് നടത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ണൂർ ഒഴികെ അഞ്ച് കോർപ്പറേഷനുകളും എൽഡിഎഫ് നേടിയിരുന്ന സ്ഥാനത്താണ് ഇത്തവണ യുഡിഎഫിന്റെ മുന്നേറ്റം. 6 കോർപ്പറേഷനുകളിൽ നാലിടത്തും യു ഡി എഫ് വിജയിച്ചു. ശാസ്തമംഗലത്ത് എൻ ഡി എ സ്ഥാനാർഥി ആർ ശ്രീലേഖ വിജയിച്ചു. തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎ ചരിത്രപരമായ തേരോട്ടം നടത്തി ഭരണം പിടിച്ചെടുത്തു. എൽഡിഎഫിന്റെ ഉറച്ച കോട്ടയായി കണക്കാക്കിയിരുന്ന കോർപ്പറേഷൻ ബിജെപിക്ക് മുന്നിൽ വീണത് ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയായി. അതേസമയം, സംസ്ഥാനത്ത് മൊത്തത്തിൽ യുഡിഎഫ് നാട്ടിലും നഗരത്തിലും മികച്ച മുന്നേറ്റം കാഴ്ചവെച്ചു.(UDF takes Kerala in its hands, huge feat in Local body election results)
ആകെ 100 വാർഡുകളുള്ള തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎ 50 സീറ്റുകളിൽ വിജയിച്ചതോടെയാണ് ഭരണം പിടിച്ചത്. എൽഡിഎഫിന് 26 സീറ്റുകളും യുഡിഎഫിന് 19 സീറ്റുകളും മാത്രമാണ് നേടാനായത്. ഈ ചരിത്രവിജയം ബിജെപിക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ഊർജ്ജം നൽകുന്നതാണ്. സംസ്ഥാനത്തെ പൊതുചിത്രം യുഡിഎഫിന് അനുകൂലമാണ്. നാട്ടിലും നഗരത്തിലും യുഡിഎഫ് മികച്ച മുന്നേറ്റമാണ് ഉണ്ടാക്കിയത്. ജില്ലാ പഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിലെല്ലാം യുഡിഎഫ് നില മെച്ചപ്പെടുത്തി. ഇതോടെ എൽഡിഎഫിന് നിരാശ നൽകുന്ന ഫലമാണ് ഈ തെരഞ്ഞെടുപ്പിൽ ഉണ്ടായത്
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ യുഡിഎഫ് വ്യക്തമായ മുന്നേറ്റമുണ്ടാക്കുകയും എൻഡിഎ പ്രബലമായ ശക്തിയായി ഉയർന്നുവരികയും ചെയ്തതോടെ, മൂന്നാം എൽഡിഎഫ് സർക്കാറെന്ന ഇടതുപക്ഷത്തിന്റെ സ്വപ്നങ്ങൾക്ക് തദ്ദേശ തെരഞ്ഞെടുപ്പ് ഫല സൂചനകൾ കനത്ത തിരിച്ചടിയായി. ത്രിതല പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ തുടങ്ങി സമസ്ത രംഗത്തും യുഡിഎഫാണ് മുന്നിട്ട് നിൽക്കുന്നത്.
941 പഞ്ചായത്തുകളിൽ 441 ഇടത്ത് യുഡിഎഫ് മുന്നിട്ട് നിൽക്കുന്നു. എൽഡിഎഫിന് 372 പഞ്ചായത്തുകളിലാണ് മുന്നേറ്റം. ബ്ലോക്ക് പഞ്ചായത്തിൽ 80 ഇടത്ത് യുഡിഎഫും 63 ഇടത്ത് എൽഡിഎഫുമാണ് മുന്നിൽ. ജില്ലാ പഞ്ചായത്തിൽ 7-7 എന്ന നിലയിലാണ് നിലവിൽ മുന്നേറ്റം. കഴിഞ്ഞ തവണ എൽഡിഎഫ് തൂത്തുവാരിയ മിക്കയിടത്തും ഇത്തവണ യുഡിഎഫ് ശക്തമായ തിരിച്ചുവരവ് നടത്തി.
ഭരണനേട്ടങ്ങളിൽ ഊന്നിയായിരുന്നു എൽഡിഎഫ് പ്രചാരണം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രബിന്ദുവാക്കി പെൻഷൻ വർധന, സ്ത്രീ സുരക്ഷാ പദ്ധതികൾ എന്നിവ പ്രചാരണായുധമാക്കി. എന്നാൽ, പാർട്ടി വിലയിരുത്തലിൽ പ്രതീക്ഷിച്ചതിൽ നിന്ന് അപ്രതീക്ഷിതമായ തകർച്ചയാണ് നേരിട്ടത്. ശബരിമല വിഷയവും ശക്തമായ ഭരണവിരുദ്ധ വികാരവുമാണ് തോൽവിക്ക് പ്രധാന കാരണങ്ങളായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
യുഡിഎഫിലെ രാഹുൽ മാങ്കൂട്ടത്തിൽ വിവാദം നേട്ടമാകുമെന്ന് കരുതിയെങ്കിലും, ശബരിമല സ്വർണപ്പാളി വിവാദം ഉപയോഗിച്ച് യുഡിഎഫ് ഇതിനെ പ്രതിരോധിച്ചത് ഫലം കണ്ടുവെന്നാണ് സൂചന. ഈ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അപ്രതീക്ഷിത നേട്ടമാണ് നൽകിയത്. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. 27 പഞ്ചായത്തുകളിലും 2 മുനിസിപ്പാലിറ്റികളിലും എൻഡിഎ മുന്നിട്ട് നിൽക്കുന്നു.
പാലക്കാട് നഗരസഭ നിലനിർത്തുകയും നിരവധി പഞ്ചായത്തുകളിൽ സാന്നിധ്യമുണ്ടാക്കുകയും ചെയ്തു. കൊല്ലം കോർപ്പറേഷൻ, ആലപ്പുഴ ജില്ല എന്നിവിടങ്ങളിലെ ബിജെപിയുടെ മുന്നേറ്റം സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപീകരിക്കാൻ സാധ്യതയുള്ളവയാണെന്ന് ഫലം തെളിയിക്കുന്നു.
ശബരിമല, ഭരണപരാജയം എന്നിവ മുൻനിർത്തിയായിരുന്നു യുഡിഎഫ് പ്രചാരണം. തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ സേവനങ്ങളുടെ ഫീസ് വർധന, വിലക്കയറ്റം തുടങ്ങിയവും യുഡിഎഫ് പ്രചാരണായുധമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സർപ്രൈസ് സ്ഥാനാർത്ഥിയായി രംഗത്തെത്തിയ കെ.എസ്. ശബരീനാഥൻ തിരുവനന്തപുരം കോർപ്പറേഷനിലെ കവടിയാർ വാർഡിൽ വിജയിച്ചു. കഴിഞ്ഞ തവണ വെറും ഒരു വോട്ടിന് ബിജെപിക്കെതിരെ കോൺഗ്രസ് വിജയിച്ച വാർഡാണ് കവടിയാർ. ഈ നിർണ്ണായക വാർഡിൽ മുൻ എം.എൽ.എയുടെ പേര് വഹിക്കുന്ന ശബരീനാഥനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് അപ്രതീക്ഷിത നീക്കമായിരുന്നു. 69 വോട്ടിനാണ് ലീഡ് ചെയ്തത്. വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ശബരീനാഥൻ തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെത്തി തേങ്ങയുടച്ചിരുന്നു. "യുഡിഎഫിന് നല്ല വിജയം ഉണ്ടാകും. കണക്കുകളിലേക്കും അവകാശവാദത്തിലേക്കും പോകുന്നില്ല" എന്നും അദ്ദേഹം പറഞ്ഞിരുന്നു. അപ്രതീക്ഷിത സ്ഥാനാർത്ഥി പ്രഖ്യാപനത്തിലൂടെയും നേരിയ ഭൂരിപക്ഷത്തിലൂടെയും കവടിയാർ വാർഡ് യുഡിഎഫ് നിലനിർത്തിയത് തലസ്ഥാനത്തെ മുന്നേറ്റത്തിൽ കോൺഗ്രസിന് ആശ്വാസം നൽകുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപ്പറേഷനുകളിലും നഗരസഭകളിലും പ്രമുഖ സ്ഥാനാർത്ഥികൾക്ക് അപ്രതീക്ഷിത തോൽവി. സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വവുമായി അടുപ്പമുള്ള എകെജി സെന്റർ ഉൾപ്പെടുന്ന വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഐ.പി. ബിനു പരാജയപ്പെട്ടു. മേരി പുഷ്പമാണ് ബിനുവിനെ 657 വോട്ടുകൾക്ക് തോൽപ്പിച്ചത്.
കൊല്ലം കോർപ്പറേഷനിലെ വടക്കുംഭാഗം ഡിവിഷനിൽ എൽഡിഎഫിന്റെ സിറ്റിംഗ് മേയർ ഹണി ബെഞ്ചമിൻ പരാജയപ്പെട്ടു. യുഡിഎഫിന്റെ കുരുവിള ജോസഫിനോടാണ് മേയർക്ക് തോൽവി നേരിട്ടത്. 'തീവ്രത പരാമർശം' നടത്തിയ സിപിഎം വനിതാ നേതാവും പന്തളം നഗരസഭയിലെ പ്രതിപക്ഷ നേതാവുമായിരുന്ന ലസിത നായർ എട്ടാം വാർഡിൽ പരാജയപ്പെട്ടു. നടൻ മുകേഷ് എംഎൽഎയുടേത് 'തീവ്രത കുറഞ്ഞ പീഡനം' എന്നും രാഹുൽ മാങ്കൂട്ടത്തിലിന്റേത് 'അതിതീവ്ര പീഡനം' എന്നുമുള്ള വിവാദ പരാമർശം ലസിത നായർ നടത്തിയിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്വന്തം വാർഡായ പള്ളിക്കൽ പഞ്ചായത്ത് 18-ാം വാർഡ് (നിലവിൽ യുഡിഎഫ് ഭരണം) എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർത്ഥി കാവ്യ വേണു 52 വോട്ടുകൾക്ക് വിജയിച്ചു. കോഴിക്കോട് കാരാപ്പറമ്പ് ഡിവിഷനിൽ ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസ് വിജയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായിരുന്നു നവ്യ.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് ചരിത്രപരമായ മുന്നേറ്റം നടത്തുന്നു. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ തുടങ്ങി ത്രിതല പഞ്ചായത്തിലെ എല്ലാ മേഖലയിലും യുഡിഎഫാണ് നിലവിൽ ലീഡ് ചെയ്യുന്നത്. 2010-ന് ശേഷം ആദ്യമായാണ് യുഡിഎഫ് ഇത്രയും ശക്തമായ മുന്നേറ്റം കാഴ്ചവെക്കുന്നത്. എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലടക്കം യുഡിഎഫ് വൻ മുന്നേറ്റം നടത്തുന്നത് സംസ്ഥാന രാഷ്ട്രീയത്തിന്റെ നിലവിലെ ചിത്രം മാറ്റിയെഴുതാൻ സാധ്യതയുള്ള വ്യക്തമായ സൂചനകളാണ് നൽകുന്നത്. ഈ ട്രെൻഡ് തുടർന്നാൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് നിർണ്ണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ.
പത്തനംതിട്ടയിലെ ഏറത്ത് പഞ്ചായത്ത് ആറാം വാർഡായ കിളിവയലിൽ യുഡിഎഫ് സ്ഥാനാർത്ഥി റിനോ പി. രാജൻ വിജയിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തനായ റിനോ 240 വോട്ടുകൾ നേടിയാണ് വിജയം ഉറപ്പിച്ചത്. പത്തനംതിട്ട നഗരസഭയിലെ പതിനാറാം വാർഡിൽ കോൺഗ്രസ് വിമതനായി മത്സരിച്ച ബിബിൻ ബേബി 248 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. നിലവിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ജാസിം കുട്ടിയെയാണ് ബിബിൻ പരാജയപ്പെടുത്തിയത്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ മറ്റൊരു വിശ്വസ്തനായ അടൂർ നഗരസഭയിലെ എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി ഫെനി നൈനാൻ പരാജയപ്പെട്ട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഈ വാർഡ് ബിജെപി നിലനിർത്തി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണലിൽ ഷൊർണൂർ നഗരസഭയിൽ എൽഡിഎഫ് ഭരണം നിലനിർത്തി. അതേസമയം, പാലക്കാട് നഗരസഭയിൽ ശക്തമായ അടിയൊഴുക്കിൽ ബിജെപിക്ക് സിറ്റിങ് സീറ്റുകൾ നഷ്ടമായി. 35 വാർഡുകളിലെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എൽഡിഎഫ് ഭരണം ഉറപ്പിച്ചു. എൽഡിഎഫ് 17 വാർഡുകളിൽ വിജയം നേടി ഭരണം നിലനിർത്തി. ബിജെപി 12 വാർഡുകളിൽ വിജയിച്ചുകൊണ്ട് സീറ്റ് വർദ്ധിപ്പിച്ചു. കോൺഗ്രസ് 4 സീറ്റുകളിലേക്ക് ഒതുങ്ങി. എൽഡിഎഫിനെതിരെ കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച മുൻ നഗരസഭ സ്ഥിരം സമിതി അധ്യക്ഷ വി. നിർമ്മല വിജയിച്ചു.