

വയനാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ വയനാട് ജില്ലയിൽ യുഡിഎഫ് ആധിപത്യം ഉറപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഭരണം നിലനിർത്തുകയും സുൽത്താൻ ബത്തേരി, മാനന്തവാടി നഗരസഭകൾ പിടിച്ചെടുക്കുകയും ചെയ്തത് യുഡിഎഫിന് വലിയ നേട്ടമായി. കൽപ്പറ്റ നഗരസഭയിൽ മാത്രമാണ് എൽഡിഎഫിന് മുന്നേറ്റം ഉണ്ടാക്കാനായത്.(UDF retains district panchayat rule in Wayanad)
വയനാട് ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് ഭരണം നിലനിർത്തി. യുഡിഎഫ് 14 സീറ്റുകളിൽ മുന്നേറുന്നു. എൽഡിഎഫ് 3 സീറ്റുകളിൽ മാത്രം മുന്നേറുന്നു. നിലവിലെ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ പനമരം ബ്ലോക്ക് പഞ്ചായത്ത് പൂതാടി ഡിവിഷനിൽ പിന്നിലാണ്. ഇവിടെ കോൺഗ്രസ് വിമത സ്ഥാനാർത്ഥി ബിനു ജേക്കബ് ആണ് ലീഡ് ചെയ്യുന്നത്.
സുൽത്താൻ ബത്തേരി നഗരസഭയിൽ യുഡിഎഫ് അട്ടിമറി വിജയം നേടി ഭരണം തിരിച്ചുപിടിച്ചു. 20 ഡിവിഷനുകളിൽ അട്ടിമറി വിജയം നേടി. എൽഡിഎഫ് 9 സീറ്റുകളിൽ മാത്രം വിജയിച്ചു. ബത്തേരി നഗരസഭ ചെയർമാൻ ടി.കെ. രമേഷ് ഉൾപ്പെടെ പരാജയപ്പെട്ടു. ബ്രഹ്മഗിരി സൊസൈറ്റി ക്രമക്കേട് അടക്കമുള്ള വിഷയങ്ങൾ എൽഡിഎഫിന് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.
മാനന്തവാടി നഗരസഭ യിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചു. 21 സീറ്റുകളിൽ വിജയിച്ചു. എൽഡിഎഫ് 14 സീറ്റുകളിലാണ് വിജയിച്ചത്. കൽപ്പറ്റ നഗരസഭ ഭരണം യുഡിഎഫിൽ നിന്ന് എൽഡിഎഫ് തിരിച്ചുപിടിച്ചു. 15 സീറ്റുകളിൽ വിജയിച്ചു. യുഡിഎഫ് 8 സീറ്റുകളിലും എൻഡിഎ 2 സീറ്റുകളിലുമാണ് വിജയിച്ചത്.
വയനാട്ടിലെ നാല് ബ്ലോക്ക് പഞ്ചായത്തുകളിൽ നാലിടത്തും യുഡിഎഫ് ആണ് മുന്നേറുന്നത്. ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫ് മുന്നേറ്റമാണ്. 18 പഞ്ചായത്തുകളിൽ യുഡിഎഫും നാലു പഞ്ചായത്തുകൾ എൽഡിഎഫുമാണ് മുന്നേറുന്നത്.