കോഴിക്കോട്: കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയായി യു.ഡി.എഫ്. പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സെലിബ്രിറ്റി സ്ഥാനാർത്ഥികൾ ആരും ഉണ്ടാകില്ല. ചലച്ചിത്ര സംവിധായകൻ വി.എം. വിനുവിന് വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തതിനെ തുടർന്ന് മത്സരിക്കാൻ കഴിയാതെ വന്നതോടെയാണ് പുതിയ സ്ഥാനാർത്ഥിയെ തേടിയത്.(UDF has no celebrity candidate for the post of Kozhikode Mayor)
പുതിയ സ്ഥാനാർത്ഥിയായി കല്ലായി വാർഡിൽ നിന്നും കാളക്കണ്ടി ബൈജു, സുരേഷ് ബാബു എന്നിവരുടെ പേരുകളാണ് നിലവിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പരിഗണനയിലുള്ളത്. മണ്ഡലം പ്രസിഡന്റായ കാളക്കണ്ടി ബൈജുവിനാണ് സ്ഥാനാർത്ഥിത്വത്തിൽ കൂടുതൽ മുൻഗണന നൽകുന്നത്. സ്ഥാനാർത്ഥിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകും.
പ്രമുഖനായ സ്ഥാനാർത്ഥി മത്സരരംഗത്ത് വരുമെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ മുൻ അവകാശവാദം. സാഹിത്യ, സിനിമാ മേഖലയിലുള്ള ചില പ്രമുഖ വ്യക്തികളെ നേതാക്കൾ സമീപിച്ചിരുന്നെങ്കിലും ആരും മത്സരിക്കാൻ സമ്മതം മൂളിയില്ല. ഇതേ തുടർന്നാണ് നേതൃത്വം പ്രാദേശിക നേതാക്കളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതും നിലവിൽ കാളക്കണ്ടി ബൈജുവിന്റെ പേര് പരിഗണിക്കുന്നതും.