കൊല്ലം: മൂന്ന് പതിറ്റാണ്ടായി എൽഡിഎഫിന്റെ കുത്തകയായി തുടരുന്ന കൊല്ലം കോർപ്പറേഷനിൽ ഇത്തവണ ചരിത്രം തിരുത്തുമെന്ന പ്രഖ്യാപനത്തോടെ യുഡിഎഫും ബിജെപിയും തിരഞ്ഞെടുപ്പ് ഗോദയിൽ സജീവമായി. വികസന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് എൽഡിഎഫ് വിജയം ഉറപ്പിക്കുന്നത്.(UDF and BJP to change history in Kollam Corporation)
മുനിസിപ്പാലിറ്റിയായിരുന്ന 5 വർഷവും കോർപ്പറേഷൻ രൂപീകരണം മുതലുള്ള 25 വർഷവും ഉൾപ്പെടെ മൂന്ന് പതിറ്റാണ്ടായി കൊല്ലം കോർപ്പറേഷൻ എൽഡിഎഫിന്റെ കൈവശമാണ്. 55 അംഗ കൗൺസിലിൽ എൽഡിഎഫിന് നിലവിൽ 38 അംഗങ്ങളുടെ വ്യക്തമായ ഭൂരിപക്ഷമുണ്ട്. ഇത്തവണ 56 ഡിവിഷനുകളിലേക്കാണ് മത്സരം നടക്കുന്നത്.
30 വർഷം കൊണ്ട് കൈവരിച്ച വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരിക്കും എൽഡിഎഫ് പ്രചാരണം. സ്ഥാനാർഥി ചർച്ചകൾ പുരോഗമിക്കുകയാണ്; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പട്ടിക പുറത്തിറക്കും.
2000-ൽ 23 സീറ്റുകൾ ഉണ്ടായിരുന്ന യുഡിഎഫിന് നിലവിലെ അംഗബലം വെറും 10 ആണ് (കോൺഗ്രസ് 6). ഗ്രൂപ്പ് കലഹവും വിമത നീക്കങ്ങളുമാണ് യുഡിഎഫിന്റെ തകർച്ചയ്ക്ക് പ്രധാന കാരണം. ഇത്തവണ ഒറ്റക്കെട്ടാണെന്ന പ്രഖ്യാപനത്തോടെയാണ് യുഡിഎഫ് അങ്കം കുറിച്ചത്. മേയർ സ്ഥാനാർത്ഥി അടക്കം 13 പേരുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി അവർ പ്രചാരണത്തിൽ കളം പിടിച്ചു കഴിഞ്ഞു.
30 വർഷത്തെ ഭരണത്തിലെ പോരായ്മകൾ നിരത്തി യുഡിഎഫ് കുറ്റവിചാരണ യാത്ര നടത്തുകയും കെപിസിസി പ്രസിഡന്റിനെ എത്തിച്ച് 'കുറ്റപത്രം' പുറത്തിറക്കുകയും ചെയ്തു. മാലിന്യ പ്രശ്നം, തെരുവുനായ ശല്യം, റോഡുകളുടെ ശോച്യാവസ്ഥ, തെരുവ് വിളക്കുകളുടെ അപര്യാപ്തത, പ്രഹസനമായി മാറിയ പദ്ധതികൾ എന്നിവ ഉൾപ്പെടുന്ന നീണ്ട നിരയാണ് കുറ്റപത്രത്തിലുള്ളത്.
കഴിഞ്ഞ തവണ കൗൺസിലർമാരുടെ എണ്ണം 6 ആയി ഉയർത്തിക്കൊണ്ട് ബിജെപി കോൺഗ്രസിന് ഒപ്പമെത്തിയിരുന്നു. കൂടാതെ, 16 ഇടങ്ങളിൽ രണ്ടാം സ്ഥാനത്തും ബിജെപി എത്തി. ഇത്തവണ കൂടുതൽ മുന്നേറ്റം ഉറപ്പാണെന്ന കണക്കുകൂട്ടലിലാണ് ബിജെപി. എൽഡിഎഫിന്റെ ആത്മവിശ്വാസവും യുഡിഎഫിന്റെയും ബിജെപിയുടെയും ശക്തമായ പോരാട്ട പ്രഖ്യാപനവും കൊല്ലം കോർപ്പറേഷൻ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നു.