തൃശൂർ കോർപ്പറേഷൻ 'അങ്ങെടുത്ത്' UDF, സംസ്ഥാനത്താകെ ഞെട്ടിക്കുന്ന മുന്നേറ്റം: കവടിയാറിൽ KS ശബരീനാഥന് ഉജ്ജ്വല വിജയം; ശാസ്തമംഗലത്ത് R ശ്രീലേഖ വിജയിച്ചു, LDF കോട്ടകളിൽ വിള്ളൽ, തലസ്ഥാനത്ത് പോരാട്ടം ക്ലൈമാക്സിലേക്ക്, NDA കേവല ഭൂരിപക്ഷത്തിലേക്ക് | Local body election results

ത്യശൂരിൽ യുഡിഎഫ് കേവല ഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ്
UDF advances in corporation results in Local body election
Updated on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് ശക്തമായ മുന്നേറ്റം കാഴ്ചവെക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ണൂർ ഒഴികെ അഞ്ച് കോർപ്പറേഷനുകളും എൽഡിഎഫ് നേടിയിരുന്ന സ്ഥാനത്താണ് ഇത്തവണ യുഡിഎഫിന്റെ മുന്നേറ്റം. ശാസ്തമംഗലത്ത് എൻ ഡി എ സ്ഥാനാർഥി ആർ ശ്രീലേഖ വിജയിച്ചു.(UDF advances in corporation results in Local body election )

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ചരിത്രം തിരുത്തിക്കുറിക്കുന്നു. "മാറാത്തത് മാറുമെന്ന" മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി, എൽഡിഎഫിനെ ബഹുദൂരം പിന്നിലാക്കി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരിക്കുകയാണ്. നിലവിൽ 45 വാർഡുകളിലാണ് ബിജെപി മുന്നേറുന്നത്. ഇതോടെ ബിജെപി മേയർ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. എൽഡിഎഫ് 22 സീറ്റിലും യുഡിഎഫ് 14 സീറ്റിലുമാണ് മുന്നേറുന്നത്. കേവല ഭൂരിപക്ഷമായ 51 സീറ്റുകൾ ലഭിക്കാൻ ഏതാനും സീറ്റുകൾ കൂടി മാത്രമാണ് ബിജെപിക്ക് ആവശ്യം. ഇനി 20 വാർഡുകളിലെ ഫലം മാത്രമാണ് പുറത്തുവരാനുള്ളത്; ഈ വാർഡുകൾ മുഴുവൻ എൽഡിഎഫ് പിടിച്ചാലും ബിജെപിയെ കടത്തിവെട്ടാനാകില്ല. ഇതോടെ തലസ്ഥാന കോർപ്പറേഷനിൽ ചരിത്രം കുറിച്ചുകൊണ്ടാണ് ബിജെപി മുന്നേറ്റം പൂർത്തിയാക്കുന്നത്. വിജയം ഉറപ്പിച്ചതോടെ ബിജെപി പ്രവർത്തകർ ആഘോഷം തുടങ്ങി കഴിഞ്ഞു. ബിജെപി സ്ഥാനാർത്ഥികളിൽ പ്രമുഖരായ വി.വി. രാജേഷ്, റിട്ട. ഡിജിപി ആർ. ശ്രീലേഖ എന്നിവർ അടക്കമുള്ളവരും വിജയിച്ചിരുന്നു.

എറണാകുളം ജില്ലയിൽ യുഡിഎഫ് വ്യക്തമായ ആധിപത്യം ഉറപ്പിച്ചു. അതേസമയം, തൃശൂർ കോർപ്പറേഷൻ യുഡിഎഫ് പിടിച്ചെടുത്തു. തൃശൂർ കോർപ്പറേഷനിൽ യുഡിഎഫ് കേവല ഭൂരിപക്ഷം നേടി ഭരണം ഉറപ്പിച്ചു. ഫലം വന്ന ഡിവിഷനുകളിൽ 30 ഡിവിഷനുകളിലും യുഡിഎഫ് ജയിച്ചതോടെയാണ് ഭരണം ഉറപ്പിച്ചത്. ഇവിടെ എൽഡിഎഫിന് 10 വാർഡുകളിൽ മാത്രമാണ് ജയിക്കാനായത്. എൻഡിഎ ഏഴ് ഡിവിഷനുകളിൽ ജയിച്ചു. പ്രതിപക്ഷത്തിനായുള്ള മത്സരത്തിൽ എൽഡിഎഫും എൻഡിഎയും തമ്മിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്.

എറണാകുളം ജില്ലയിൽ ത്രിതല പഞ്ചായത്തിലും നഗരസഭകളിലും യുഡിഎഫ് ബഹുദൂരം മുന്നിലാണ്. ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തിലും യുഡിഎഫ് ലീഡ് നിലനിർത്തി. ജില്ലയുടെ എല്ലാ മേഖലകളിലും യുഡിഎഫ് നേടിയ ഈ ആധിപത്യം മുന്നണിയുടെ ശക്തി വർദ്ധിപ്പിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സർപ്രൈസ് സ്ഥാനാർത്ഥിയായി രംഗത്തെത്തിയ കെ.എസ്. ശബരീനാഥൻ തിരുവനന്തപുരം കോർപ്പറേഷനിലെ കവടിയാർ വാർഡിൽ വിജയിച്ചു. കഴിഞ്ഞ തവണ വെറും ഒരു വോട്ടിന് ബിജെപിക്കെതിരെ കോൺഗ്രസ് വിജയിച്ച വാർഡാണ് കവടിയാർ. ഈ നിർണ്ണായക വാർഡിൽ മുൻ എം.എൽ.എയുടെ പേര് വഹിക്കുന്ന ശബരീനാഥനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് അപ്രതീക്ഷിത നീക്കമായിരുന്നു. 69 വോട്ടിനാണ് ലീഡ് ചെയ്തത്. വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ശബരീനാഥൻ തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെത്തി തേങ്ങയുടച്ചിരുന്നു. "യുഡിഎഫിന് നല്ല വിജയം ഉണ്ടാകും. കണക്കുകളിലേക്കും അവകാശവാദത്തിലേക്കും പോകുന്നില്ല" എന്നും അദ്ദേഹം പറഞ്ഞിരുന്നു. അപ്രതീക്ഷിത സ്ഥാനാർത്ഥി പ്രഖ്യാപനത്തിലൂടെയും നേരിയ ഭൂരിപക്ഷത്തിലൂടെയും കവടിയാർ വാർഡ് യുഡിഎഫ് നിലനിർത്തിയത് തലസ്ഥാനത്തെ മുന്നേറ്റത്തിൽ കോൺഗ്രസിന് ആശ്വാസം നൽകുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപ്പറേഷനുകളിലും നഗരസഭകളിലും പ്രമുഖ സ്ഥാനാർത്ഥികൾക്ക് അപ്രതീക്ഷിത തോൽവി. സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വവുമായി അടുപ്പമുള്ള എകെജി സെന്റർ ഉൾപ്പെടുന്ന വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഐ.പി. ബിനു പരാജയപ്പെട്ടു. മേരി പുഷ്പമാണ് ബിനുവിനെ 657 വോട്ടുകൾക്ക് തോൽപ്പിച്ചത്.

കൊല്ലം കോർപ്പറേഷനിലെ വടക്കുംഭാഗം ഡിവിഷനിൽ എൽഡിഎഫിന്റെ സിറ്റിംഗ് മേയർ ഹണി ബെഞ്ചമിൻ പരാജയപ്പെട്ടു. യുഡിഎഫിന്റെ കുരുവിള ജോസഫിനോടാണ് മേയർക്ക് തോൽവി നേരിട്ടത്. 'തീവ്രത പരാമർശം' നടത്തിയ സിപിഎം വനിതാ നേതാവും പന്തളം നഗരസഭയിലെ പ്രതിപക്ഷ നേതാവുമായിരുന്ന ലസിത നായർ എട്ടാം വാർഡിൽ പരാജയപ്പെട്ടു. നടൻ മുകേഷ് എംഎൽഎയുടേത് 'തീവ്രത കുറഞ്ഞ പീഡനം' എന്നും രാഹുൽ മാങ്കൂട്ടത്തിലിന്റേത് 'അതിതീവ്ര പീഡനം' എന്നുമുള്ള വിവാദ പരാമർശം ലസിത നായർ നടത്തിയിരുന്നു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്വന്തം വാർഡായ പള്ളിക്കൽ പഞ്ചായത്ത് 18-ാം വാർഡ് (നിലവിൽ യുഡിഎഫ് ഭരണം) എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർത്ഥി കാവ്യ വേണു 52 വോട്ടുകൾക്ക് വിജയിച്ചു. കോഴിക്കോട് കാരാപ്പറമ്പ് ഡിവിഷനിൽ ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസ് വിജയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായിരുന്നു നവ്യ.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് ചരിത്രപരമായ മുന്നേറ്റം നടത്തുന്നു. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ തുടങ്ങി ത്രിതല പഞ്ചായത്തിലെ എല്ലാ മേഖലയിലും യുഡിഎഫാണ് നിലവിൽ ലീഡ് ചെയ്യുന്നത്. 2010-ന് ശേഷം ആദ്യമായാണ് യുഡിഎഫ് ഇത്രയും ശക്തമായ മുന്നേറ്റം കാഴ്ചവെക്കുന്നത്. എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലടക്കം യുഡിഎഫ് വൻ മുന്നേറ്റം നടത്തുന്നത് സംസ്ഥാന രാഷ്ട്രീയത്തിന്റെ നിലവിലെ ചിത്രം മാറ്റിയെഴുതാൻ സാധ്യതയുള്ള വ്യക്തമായ സൂചനകളാണ് നൽകുന്നത്. ഈ ട്രെൻഡ് തുടർന്നാൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് നിർണ്ണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ.

സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫിന് ശക്തമായ മുന്നേറ്റമുണ്ട്. എൽഡിഎഫിന്റെ കുത്തക കോർപ്പറേഷനായിരുന്ന കൊല്ലം അടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. കൊച്ചി നഗരസഭയിൽ യുഡിഎഫ് ഭരണം പിടിച്ചെടുത്തു എന്ന് തന്നെ പറയാം. തൃശൂർ, കൊല്ലം, കോഴിക്കോട്, കൊച്ചി കോർപ്പറേഷനുകളാണ് യുഡിഎഫിന്റെ പ്രധാന മുന്നേറ്റ കേന്ദ്രങ്ങൾ. തൃശൂരിൽ 45 സീറ്റുകളിലാണ് യുഡിഎഫ് മുന്നിട്ട് നിൽക്കുന്നത്, എൽഡിഎഫിന് 28 സീറ്റുകളിലാണ് മുന്നിൽ. കണ്ണൂരിലും യുഡിഎഫ് മുന്നേറുകയാണ്. കോഴിക്കോട് അപ്രതീക്ഷിതമായി യുഡിഎഫ് മുന്നേറ്റം കണ്ടെങ്കിലും എൽഡിഎഫ് തിരിച്ചുവരവിന്റെ സൂചനകളുണ്ട്. അതേസമയം, പാലക്കാട് നഗരസഭയിൽ പിന്നോട്ട് പോകുമ്പോൾ തിരുവനന്തപുരത്ത് എൻഡിഎ ആണ് ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ണൂർ ഒഴികെ അഞ്ച് കോർപ്പറേഷനുകളും എൽഡിഎഫിനായിരുന്നു ജയം.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട നഗരസഭയിൽ യുഡിഎഫ് അധികാരം ഉറപ്പിച്ചു. യുഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ജില്ലയിലെ ശ്രദ്ധേയമായ ചില വാർഡുകളിലെ ഫലങ്ങൾ പുറത്തുവരുമ്പോൾ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തരിൽ ഒരാൾക്ക് വിജയവും മറ്റൊരാൾക്ക് പരാജയവുമാണ് നേരിട്ടത്.

പത്തനംതിട്ടയിലെ ഏറത്ത് പഞ്ചായത്ത് ആറാം വാർഡായ കിളിവയലിൽ യുഡിഎഫ് സ്ഥാനാർത്ഥി റിനോ പി. രാജൻ വിജയിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തനായ റിനോ 240 വോട്ടുകൾ നേടിയാണ് വിജയം ഉറപ്പിച്ചത്. പത്തനംതിട്ട നഗരസഭയിലെ പതിനാറാം വാർഡിൽ കോൺഗ്രസ് വിമതനായി മത്സരിച്ച ബിബിൻ ബേബി 248 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. നിലവിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ജാസിം കുട്ടിയെയാണ് ബിബിൻ പരാജയപ്പെടുത്തിയത്.

രാഹുൽ മാങ്കൂട്ടത്തിലിന്റെ മറ്റൊരു വിശ്വസ്തനായ അടൂർ നഗരസഭയിലെ എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി ഫെനി നൈനാൻ പരാജയപ്പെട്ട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഈ വാർഡ് ബിജെപി നിലനിർത്തി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണലിൽ ഷൊർണൂർ നഗരസഭയിൽ എൽഡിഎഫ് ഭരണം നിലനിർത്തി. അതേസമയം, പാലക്കാട് നഗരസഭയിൽ ശക്തമായ അടിയൊഴുക്കിൽ ബിജെപിക്ക് സിറ്റിങ് സീറ്റുകൾ നഷ്ടമായി. 35 വാർഡുകളിലെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എൽഡിഎഫ് ഭരണം ഉറപ്പിച്ചു. എൽഡിഎഫ് 17 വാർഡുകളിൽ വിജയം നേടി ഭരണം നിലനിർത്തി. ബിജെപി 12 വാർഡുകളിൽ വിജയിച്ചുകൊണ്ട് സീറ്റ് വർദ്ധിപ്പിച്ചു. കോൺഗ്രസ് 4 സീറ്റുകളിലേക്ക് ഒതുങ്ങി. എൽഡിഎഫിനെതിരെ കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച മുൻ നഗരസഭ സ്ഥിരം സമിതി അധ്യക്ഷ വി. നിർമ്മല വിജയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com