തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് പോത്തൻകോട് ഡിവിഷനിലെ യു.ഡി.എഫ്. സ്ഥാനാർത്ഥിയായ ട്രാൻസ്‌വുമൺ അമേയ പ്രസാദിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി. വനിതാ സംവരണ സീറ്റിൽ അമേയയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് നിലനിന്നിരുന്ന എല്ലാ ആശങ്കകളും ഇതോടെ നീങ്ങി.(Transwoman candidate Ameya Prasad allowed to contest in Thiruvananthapuram)
അമേയയുടെ വോട്ടർ പട്ടികയിൽ 'ട്രാൻസ്‌ജെൻഡർ' എന്ന് രേഖപ്പെടുത്തിയതാണ് വനിതാ സംവരണ സീറ്റിൽ മത്സരിക്കുന്നതിന് ആശങ്കയുണ്ടാക്കിയത്. ഈ വിഷയത്തിൽ അമേയ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വരണാധികാരിക്ക് തീരുമാനമെടുക്കാം എന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
സൂക്ഷ്മപരിശോധന പൂർത്തിയാക്കിയ വരണാധികാരി, ഔദ്യോഗിക രേഖകൾ പ്രകാരം അമേയ വനിതയാണെന്ന് ചൂണ്ടിക്കാട്ടി നാമനിർദ്ദേശ പത്രിക അംഗീകരിച്ചു. ഇതോടെ പോത്തൻകോട് ഡിവിഷനിൽ അമേയ പ്രസാദിന് മത്സരിക്കുന്നതിന് നിയമപരമായ തടസ്സങ്ങളില്ലെന്ന് വ്യക്തമായി. അമേയ നേരത്തെ തന്നെ പോത്തൻകോട് ഡിവിഷനിൽ പ്രചാരണം തുടങ്ങിയിരുന്നു.