

തിരുവനന്തപുരം: കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥി നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി റിബലായി മത്സരിച്ച എട്ട് പേരെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി എൻ. ശക്തൻ അറിയിച്ചു. വിവിധ വാർഡുകളിൽ റിബലായി മത്സരിച്ച വരെയാണ് കോൺഗ്രസിൽനിന്ന് പുറത്താക്കിയത്.(Thiruvananthapuram Corporation Elections, 8 rebels expelled from Congress)
ഇത് വി. ലാലു, ഹുസൈൻ (കഴക്കൂട്ടം വാർഡ്), എസ്.എസ്. സുധീഷ്‌കുമാർ (പൗണ്ട്കടവ് വാർഡ്), കൃഷ്ണവേണി (പുഞ്ചക്കരി വാർഡ്), ഹിസാൻ ഹുസൈൻ (വിഴിഞ്ഞം വാർഡ്), ജോൺസൻ തങ്കച്ചൻ (ഉള്ളൂർ വാർഡ്), ഷിജിൻ (മണ്ണന്തല വാർഡ്), സുധി വിജയൻ (ജഗതി വാർഡ്) എന്നിവരാണ്. ജില്ലയിലെ ഒരു വാർഡിൽ രണ്ട് പേർക്ക് 'കൈ' ചിഹ്നം ലഭിച്ചെന്ന വാർത്ത ശരിയല്ലെന്ന് എൻ. ശക്തൻ വ്യക്തമാക്കി.
ഡി.സി.സി. പ്രസിഡന്റ് ചിഹ്നം അനുവദിച്ചുകൊണ്ടുള്ള ഡിക്ലറേഷൻ റിട്ടേണിംഗ് ഓഫീസർക്ക് നൽകുന്ന സ്ഥാനാർഥിക്ക് മാത്രമേ 'കൈ' ചിഹ്നം അനുവദിക്കുകയുള്ളൂ. വിഴിഞ്ഞം വാർഡിൽ ചിഹ്നം അനുവദിച്ചത് സുധീർഖാനാണ്. ഡമ്മിയായി നോമിനേഷൻ നൽകിയ വ്യക്തി, നോമിനേഷനിൽ 'കൈ' ചിഹ്നം രേഖപ്പെടുത്തിയതുമായി പാർട്ടിക്ക് ബന്ധമില്ല. ഡമ്മി സ്ഥാനാർഥിക്ക് പാർട്ടി ചിഹ്നത്തിനായുള്ള ഡിക്ലറേഷൻ ഡി.സി.സി. പ്രസിഡന്റ് നൽകിയിട്ടില്ല.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ച അവർ തിരുത്തണമെന്നും, വിഴിഞ്ഞം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി കെ.എച്ച്. സുധീർഖാനാണെന്നും എൻ. ശക്തൻ ആവർത്തിച്ചു വ്യക്തമാക്കി.