തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ സ്ഥാനാർത്ഥിത്വം അനിശ്ചിതത്വത്തിൽ. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നൽകിയ വിലാസം ശരിയല്ലെന്നും, അതിനാൽ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സിപിഎം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുകയാണ്.(Thiruvananthapuram Corporation Election, Congress candidacy in Muttada uncertain)
വൈഷ്ണ സുരേഷ് നൽകിയ മേൽവിലാസത്തിൽ പ്രശ്നങ്ങളുണ്ടെന്നാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ നൽകുന്ന പ്രാഥമിക വിവരം. മുട്ടടയിൽ കുടുംബവീടുള്ള വൈഷ്ണ നിലവിൽ അമ്പലമുക്കിലെ വാടക വീട്ടിലാണ് താമസം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വൈഷ്ണ ഈ വിലാസത്തിൽ വോട്ട് ചെയ്തിരുന്നു.
സിപിഎം നൽകിയ പരാതി അംഗീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയിൽ നിന്ന് വൈഷ്ണയുടെ പേര് ഒഴിവാക്കിയാൽ, ഇവർക്ക് മത്സരിക്കാൻ കഴിയില്ല. ഈ സാഹചര്യത്തെ നിയമപരമായി നേരിടാനാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ തീരുമാനം.
അങ്ങനെ സംഭവിച്ചാൽ, തിരഞ്ഞെടുപ്പ് കമ്മീഷന് അപ്പീൽ നൽകാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. കോൺഗ്രസ് വിജയ സാധ്യത കൽപ്പിക്കുന്ന വാർഡാണ് മുട്ടട. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ ഉടൻ തീരുമാനമുണ്ടാകാൻ സാധ്യതയുണ്ട്.