സംസ്ഥാനത്തെ തദ്ദേശ പോരാട്ട ചിത്രം ഇന്ന് തെളിയും : നാമ നിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിക്കും, വിമതരെ അനുനയിപ്പിക്കാൻ നെട്ടോട്ടം! | Nomination

സമയം വൈകുന്നേരം 3 മണിക്ക് അവസാനിക്കും
The time to withdraw nomination papers will end today

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ അന്തിമ ചിത്രം ഇന്ന് വ്യക്തമാകും. നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയം വൈകുന്നേരം 3 മണിക്ക് അവസാനിക്കുന്നതോടെ സ്ഥാനാർത്ഥികളെ സംബന്ധിച്ചുള്ള എല്ലാ സസ്പെൻസുകൾക്കും വിരാമമാകും.(The time to withdraw nomination papers will end today)

നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന കഴിഞ്ഞതോടെ മുന്നണികൾക്ക് വലിയ തലവേദന സൃഷ്ടിച്ചിരിക്കുന്നത് വിമത ശല്യവും ഘടകകക്ഷികൾ തമ്മിലുള്ള തർക്കങ്ങളുമാണ്. കോർപ്പറേഷൻ, നഗരസഭ, പഞ്ചായത്ത് തലങ്ങളിൽ വിമത ഭീഷണി ശക്തമായി തുടരുന്ന സാഹചര്യത്തിൽ അവരെ അനുനയിപ്പിക്കാനുള്ള അവസാന വട്ട ചർച്ചകളിലാണ് മുന്നണി നേതൃത്വങ്ങൾ.

എൽ.ഡി.എഫിൽ സി.പി.എം - സി.പി.ഐ പോരാണ് പ്രധാനമായും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. പാലക്കാട് ജില്ലയിലെ 9 പഞ്ചായത്തുകളിലെ 19 വാർഡുകളിൽ സി.പി.ഐ മത്സരിക്കുന്നത് സി.പി.എമ്മിന് തലവേദനയായി. ആലപ്പുഴയിൽ രാമങ്കരി, മുട്ടാർ പഞ്ചായത്തുകളിൽ സി.പി.എം - സി.പി.ഐ പോര് രൂക്ഷമാണ്.

തിരുവനന്തപുരം കോർപ്പറേഷനിൽ വാഴോട്ടുകോണം വാർഡിൽ സി.പി.എം. മുൻ ബ്രാഞ്ച് സെക്രട്ടറി കെ.വി. മോഹനൻ വിമതനായി നിലയുറപ്പിച്ചു. പാർട്ടി നടപടി നേരിട്ട ദേശാഭിമാനി മുൻ ബ്യൂറോ ചീഫ് കെ. ശ്രീകണ്ഠൻ (ഉള്ളൂർ), ആനി അശോകൻ (ചെമ്പഴന്തി) എന്നിവരും ഭീഷണിയാണ്.

യു.ഡി.എഫിൽ കോൺഗ്രസും മുസ്ലീം ലീഗും തമ്മിലുള്ള സീറ്റ് തർക്കമാണ് പ്രധാന പ്രശ്നം. കൊല്ലം കോർപ്പറേഷനിൽ കുരീപ്പുഴയിൽ സീറ്റ് ഫോർവേർഡ് ബ്ലോക്കിന് നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിമതൻ എസ്. ഷാനവാസ് പത്രിക നൽകി. വയനാട്ടിൽ യൂത്ത് കോൺഗ്രസ് നേതാവ് ജഷീർ പള്ളിവയലിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. അമ്പലപ്പുഴയിൽ കോൺഗ്രസിന് വെല്ലുവിളിയായി ലീഗ് സ്ഥാനാർത്ഥികൾ രംഗത്തുണ്ട്.

തിരുവനന്തപുരത്ത് പൗണ്ട് കടവിൽ ലീഗ് സ്ഥാനാർത്ഥിക്കെതിരായ കോൺഗ്രസ് വിമതനെ അനുനയിപ്പിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. പുഞ്ചക്കരിയിൽ ആർ.എസ്.പി. സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുന്ന മുൻ കൗൺസിലർ കൃഷ്ണവേണിയും പിന്മാറാൻ തയ്യാറായിട്ടില്ല. ഓഫറുകൾ നൽകിയും ഭീഷണിപ്പെടുത്തിയുമുള്ള തിരക്കിട്ട നീക്കങ്ങളാണ് വിമതരെ പിന്തിരിപ്പിക്കാനായി നടക്കുന്നത്. ചിലർ വഴങ്ങുമെന്ന സൂചനയുണ്ടെങ്കിലും മറ്റ് ചിലർ പാറപോലെ ഉറച്ചുനിൽക്കുകയാണ്.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കുകൾ പ്രകാരം,

ആകെ സ്വീകരിച്ച പത്രികകൾ: 1,07,211

അംഗീകരിച്ച പത്രികകൾ: 1,54,547

തള്ളിയ പത്രികകൾ: 2479

പത്രിക പിൻവലിക്കുന്നതിനുള്ള സമയം അവസാനിച്ച ശേഷം, റിട്ടേണിംഗ് ഓഫീസർ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ അന്തിമപട്ടിക മലയാളം അക്ഷരമാല ക്രമത്തിൽ പ്രസിദ്ധീകരിക്കും. സ്ഥാനാർത്ഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവ പട്ടികയിൽ ഉണ്ടാകും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം ബുധനാഴ്ച തുടങ്ങും. ബന്ധപ്പെട്ട വരണാധികാരിക്കാണ് ഇതിനായി അപേക്ഷ നൽകേണ്ടത്. ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ ജില്ലകളിൽ പരിശീലനം നടക്കും.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെ ഹൈക്കോടതി നിർദ്ദേശം കർശനമായി നടപ്പാക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള അനധികൃത ഇൻസ്റ്റലേഷനുകൾ, ബാനറുകൾ, ബോർഡുകൾ, കൊടികൾ, തോരണങ്ങൾ എന്നിവയുടെ പരിശോധന ഊർജ്ജിതമാക്കാൻ കമ്മീഷൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ അവരുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങളിൽ അനധികൃത പ്രചാരണ സാമഗ്രികൾ ഉപയോഗിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം. അനുമതിയില്ലാതെ സ്ഥാപിക്കുന്നവ വേഗത്തിൽ നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കണം. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉറപ്പാക്കണം.

Related Stories

No stories found.
Times Kerala
timeskerala.com