കണ്ണൂർ : തദ്ദേശ തെരഞ്ഞെടുപ്പിൽ മുക്കാൽ മണിക്കൂറോളം വരിയിൽ നിന്ന് വോട്ട് രേഖപ്പെടുത്തി നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. തലശ്ശേരി നഗരസഭയിൽ ഉൾപ്പെടുന്ന പുന്നോൽ എയ്ഡഡ് എൽപി സ്കൂളിലെ ബൂത്തിലായിരുന്നു അദ്ദേഹം വോട്ട് ചെയ്തത്. വരിയിൽ നിന്നുള്ള കാത്തിപ്പിനിടെ മാധ്യമങ്ങളോട് സംസാരിക്കവെ തന്റെ കന്നിവോട്ടിന്റെ മധുരമുള്ള ഓർമ്മകളും സ്പീക്കർ പങ്കുവെച്ചു.(Speaker stood in line to vote and shared memories of maiden vote)
ഒൻപത് മണിയോടെ ഷംസീർ ബൂത്തിലെത്തുമ്പോൾ വോട്ടർമാരുടെ വലിയ നിരയുണ്ടായിരുന്നു. ഈ സമയത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം രാഷ്ട്രീയ ജീവിതത്തിലെ പ്രധാന മുഹൂർത്തം ഓർത്തെടുത്തത്. "1996-ൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ഞാൻ ആദ്യം വോട്ടുചെയ്തത്. 96-ലെ പൊതുതിരഞ്ഞെടുപ്പിൽ പ്രായമായിട്ടില്ലാത്തതിനാൽ വോട്ടുണ്ടായിരുന്നില്ല. എന്നാൽ, ഉപതിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ഇ.കെ. നായനാർ സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ അദ്ദേഹത്തിന് കന്നിവോട്ട് ചെയ്യാൻ ഭാഗ്യം ലഭിച്ച ഒരാളാണ് ഞാൻ."
ആ തിരഞ്ഞെടുപ്പിൽ വിദ്യാർഥി സംഘടനയുടെ സ്ക്വാഡ് പ്രവർത്തകനായിരുന്നു താനെന്നും, 98-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊതുയോഗങ്ങളിൽ പ്രസംഗിക്കാൻ തുടങ്ങിയെന്നും അദ്ദേഹം ഓർത്തു. "തുടർന്നങ്ങോട്ട് എല്ലാ ചുമതലകളും തിരഞ്ഞെടുപ്പുകളിൽ വഹിച്ചു. എൽഡിഎഫ് വടകര പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായിരുന്നു. 2022-ലാണ് അവസാനമായി ഒരു തിരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തത്—തൃക്കാക്കരയിൽ. അതിനുശേഷം സ്പീക്കറായി. ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശതിരഞ്ഞെടുപ്പിലും കാഴ്ചക്കാരനായി കൂടെനിൽക്കുകയാണ്." പ്രവർത്തനങ്ങളിൽ പരസ്യമായി പങ്കെടുക്കാൻ കഴിയാത്തതിലുള്ള വിഷമവും അദ്ദേഹം പങ്കുവെച്ചു.
"പൊതുവിൽ ഞങ്ങൾ ജയിക്കുന്ന വാർഡാണ് ഇത്. ആ നിലയിൽ തന്നെ സ്വന്തം വാർഡിൽ ഇടതുപക്ഷത്തിന് മികച്ച വിജയം ഉണ്ടാവും. നഗരസഭ നല്ലരീതിയിൽ പ്രവർത്തനം കാഴ്ചവെച്ചതാണ്, അതിനുള്ള അംഗീകാരമായി മികച്ച വിജയമുണ്ടാവും" എന്നും എ.എൻ. ഷംസീർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.