മൂന്നാർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മൂന്നാറിൽ ബി.ജെ.പിക്ക് വേണ്ടി സോണിയാ ഗാന്ധി മത്സരിക്കുന്നു. മൂന്നാർ പഞ്ചായത്തിലെ 16-ാം വാർഡായ നല്ലതണ്ണിയിലാണ് അതേ പേരിലുള്ള സ്ഥാനാർഥി ജനവിധി തേടുന്നത്. ബി.ജെ.പി. പഞ്ചായത്ത് ജനറൽ സെക്രട്ടറി സുഭാഷിന്റെ ഭാര്യയാണ് സോണിയ.(Sonia Gandhi has come forward to contest for the BJP, and that too in Kerala)
നല്ലതണ്ണി കല്ലാറിലെ മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന പരേതനായ ദുരെരാജിന്റെ മകളാണ് ഈ സോണിയാ ഗാന്ധി. സോണിയാ ഗാന്ധിയോടുള്ള ആരാധനയും ഇഷ്ടവും കൊണ്ടാണ് അദ്ദേഹം മകൾക്ക് ഈ പേര് നൽകിയത്.
എന്നാൽ, ബി.ജെ.പി. പ്രവർത്തകനായ സുഭാഷിനെ വിവാഹം ചെയ്തതോടെ സോണിയാ ഗാന്ധി ബി.ജെ.പി. അനുഭാവിയായി മാറുകയായിരുന്നു. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ സോണിയക്ക് മത്സരിക്കാനുള്ള സീറ്റും ലഭിച്ചു. നല്ലതണ്ണി വാർഡിൽ സോണിയാ ഗാന്ധിയുടെ പ്രധാന എതിരാളികൾ കോൺഗ്രസിൻ്റെ മഞ്ജുള രമേശ്, സി.പി.എംമ്മിൻ്റെ വലർമതി എന്നിവരാണ്.
ദേശീയതലത്തിൽ കോൺഗ്രസിന്റെ മുൻ അധ്യക്ഷയുടെ പേര് വഹിക്കുന്ന സ്ഥാനാർഥി ബി.ജെ.പിക്ക് വേണ്ടി മത്സരിക്കുമ്പോൾ, സ്വന്തം വാർഡിൽ കോൺഗ്രസിനെ തോൽപ്പിക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.