തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി: CPM ഞെട്ടലിൽ, നിർണ്ണായക യോഗം ചൊവ്വാഴ്ച | CPM

കൊല്ലം കോർപ്പറേഷൻ കൈവിട്ടുപോയത് പരിശോധിക്കും
Setback in local body elections, CPM in shock, crucial meeting to be held on Tuesday
Updated on

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുണ്ടായ തിരിച്ചടി കനത്ത പ്രഹരമാണെന്ന് സി.പി.എം. പ്രാഥമികമായി വിലയിരുത്തി. ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെയുള്ള വിവാദങ്ങളും ഭരണവിരുദ്ധ വികാരവുമാണ് തോൽവിക്ക് പ്രധാന കാരണമായതെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.(Setback in local body elections, CPM in shock, crucial meeting to be held on Tuesday)

തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതാണെന്നും, സർക്കാർ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ സംഘടനാ തലത്തിൽ വീഴ്ചയുണ്ടായെന്നും വിലയിരുത്തപ്പെടുന്നു. പരാജയം ഇഴകീറി പരിശോധിക്കാനാണ് പാർട്ടി തീരുമാനം. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉയർന്ന ഇടതുവിരുദ്ധ ഹേറ്റ് ക്യാമ്പയിനെ പ്രതിരോധിക്കാൻ പാർട്ടിക്ക് സാധിച്ചില്ല. ഈ വിവാദം അടിസ്ഥാന വോട്ടിൽ പോലും വിള്ളലുണ്ടാക്കി.

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട സർക്കാരിൻ്റെ നിലപാട് ജനങ്ങളിലേക്ക് എത്തിക്കാനായില്ല. ആരോപണവിധേയരായ നേതാക്കൾക്കെതിരെ ഉചിതമായ നടപടിയെടുക്കാത്തത് ജനരോഷം വർദ്ധിപ്പിച്ചു. മുഖ്യമന്ത്രിയോടും സി.പി.എം. നേതൃത്വത്തോടും അടുത്ത ബന്ധമുള്ള രണ്ട് മുൻ ദേവസ്വം അധ്യക്ഷന്മാർ ജയിലിലായത് പാർട്ടിക്കുണ്ടാക്കിയ തിരിച്ചടി വലുതാണ്. ഭരണവിരുദ്ധ വികാരത്തിനിടെ ക്ഷേമപെൻഷൻ വർധനയും അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനവും ജനം ചെവികൊണ്ടില്ല.

ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തെപ്പോലെ അതിശക്തമായ സർക്കാർ വിരുദ്ധ, സി.പി.എം. വിരുദ്ധ നിലപാടാണ് വോട്ടർമാർ സ്വീകരിച്ചത്. 'ആഗോള അയ്യപ്പ സംഗമം' പോലുള്ള നീക്കങ്ങൾ വിപരീത ഫലമാണ് ഉണ്ടാക്കിയത്. ന്യൂനപക്ഷങ്ങൾക്കിടയിൽ ഇടത് വിരുദ്ധ വികാരം ഉണ്ടായെന്നും ന്യൂനപക്ഷ വോട്ടുകൾ യു.ഡി.എഫിന് അനുകൂലമായെന്നും സി.പി.എം. വിലയിരുത്തുന്നു. തോൽവിയുടെ കാരണങ്ങൾ വിശദമായി കണ്ടെത്താൻ എൽ.ഡി.എഫ്. ചൊവ്വാഴ്ച നേതൃയോഗം ചേരുന്നുണ്ട്. സി.പി.ഐ. സംസ്ഥാന സെക്രട്ടേറിയറ്റും എക്സിക്യൂട്ടീവ് യോഗങ്ങളും ചേരും. മുന്നണിയുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കിയ കനത്ത തിരിച്ചടി മറികടക്കാൻ തിരുത്തൽ വേണമെന്ന ആവശ്യം സി.പി.ഐ. ഇതിനകം ഉന്നയിച്ചു കഴിഞ്ഞു. കാൽനൂറ്റാണ്ടായി ഇടതു കോട്ടയായിരുന്ന കൊല്ലം കോർപ്പറേഷൻ കൈവിട്ടുപോയത് ഗൗരവത്തോടെ പരിശോധിക്കാനാണ് എൽ.ഡി.എഫ്. തീരുമാനം.

Related Stories

No stories found.
Times Kerala
timeskerala.com