തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി വിലയിരുത്തുന്നതിനായി സി.പി.എം., സി.പി.ഐ. നേതൃയോഗങ്ങൾ ഇന്ന് ചേരും. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങളും സി.പി.ഐ. സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങളുമാണ് ഇന്ന് നടക്കുന്നത്.(Setback in local body elections, CPM - CPI leadership meetings today)
വികസന, ക്ഷേമ പദ്ധതികളും കഴിഞ്ഞ പത്ത് വർഷത്തെ ഭരണനേട്ടങ്ങളും വോട്ടർമാരിൽ കാര്യമായി സ്വാധീനം ചെലുത്തിയില്ലെന്നാണ് ഇരു പാർട്ടികളുടെയും പ്രാഥമിക വിലയിരുത്തൽ. ശബരിമല വിഷയവും സ്വർണ്ണക്കടത്ത് വിവാദവും അടക്കമുള്ള കാര്യങ്ങൾ തിരിച്ചടിയായി. സർക്കാരിനോടുള്ള പൊതുവെയുള്ള ഭരണവിരുദ്ധ വികാരവും തിരിച്ചടിയേകി. താഴെത്തട്ടിൽ സംഘടനാ സംവിധാനം ഫലപ്രദമായി പ്രവർത്തിച്ചില്ല എന്നാണ് വിലയിരുത്തൽ.
സർക്കാരിന് ജനപിന്തുണ കുറയുന്നുവെന്ന വിലയിരുത്തലാണ് സി.പി.ഐ. നേതാക്കൾക്കിടയിൽ പൊതുവെയുള്ളത്. എന്തെല്ലാം തിരുത്തൽ നടപടികൾ സ്വീകരിക്കണം എന്നതിനെക്കുറിച്ച് പാർട്ടി നേതൃത്വത്തെ അറിയിക്കാൻ അണികൾക്ക് സി.പി.ഐ. നിർദേശം നൽകിയിട്ടുണ്ട്. കത്തെഴുത്തിലൂടെയും ഇമെയിൽ വഴിയും പൊതുജനങ്ങളുടെ അഭിപ്രായവും പാർട്ടി സമാഹരിക്കുന്നുണ്ട്. ഇന്ന് ചേരുന്ന സി.പി.എം., സി.പി.ഐ. നേതൃയോഗങ്ങളിൽ ജില്ലകളിൽ നിന്നുള്ള വോട്ട് കണക്കുകൾ കൂടി ചേർത്തുവെച്ചുള്ള വിശദമായ പരിശോധനയുണ്ടാകും. നാളെ ഇടതുമുന്നണി യോഗവും ചേരും.