തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. ഈ വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച വൈഷ്ണ സുരേഷിൻ്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്തു.(Setback for Congress in Muttada, Candidate Vaishna Suresh's name removed from voter list)
വോട്ടർ പട്ടികയിൽ നിന്ന് വൈഷ്ണയുടെ പേര് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം നൽകിയ പരാതി ശരിവെച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടി. ഇന്ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ വൈഷ്ണ സുരേഷിൻ്റെ പേരില്ല.
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ വൈഷ്ണ നൽകിയ വിലാസം ശരിയല്ലെന്നും, അതിനാൽ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു സിപിഎം പരാതി. വൈഷ്ണ നൽകിയ മേൽവിലാസത്തിൽ പ്രശ്നമുണ്ടെന്ന് കോർപ്പറേഷൻ ഉദ്യോഗസ്ഥരും റിപ്പോർട്ട് ചെയ്തിരുന്നു.
മുട്ടടയിൽ കുടുംബവീടുള്ള വൈഷ്ണ നിലവിൽ അമ്പലമുക്കിലെ വാടക വീട്ടിലാണ് താമസിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വൈഷ്ണ വോട്ട് ചെയ്തിരുന്നുവെങ്കിലും, നിലവിലെ പരിശോധനയിൽ മേൽവിലാസം സംബന്ധിച്ച തർക്കം കമ്മീഷൻ അംഗീകരിക്കുകയായിരുന്നു. വിജയസാധ്യത കൽപ്പിച്ചിരുന്ന വാർഡിൽ സ്ഥാനാർത്ഥിയെ നഷ്ടപ്പെട്ടത് കോൺഗ്രസ് ക്യാമ്പിന് വലിയ ആഘാതമായി.
തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടിയിൽ പ്രതികരണവുമായി കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷ് രംഗത്തെത്തി. വിഷയത്തിൽ സ്വീകരിക്കേണ്ട നിയമ നടപടിയെക്കുറിച്ച് പാർട്ടി തീരുമാനമെടുക്കുമെന്ന് വൈഷ്ണ അറിയിച്ചു.
തൻ്റെ പേര് പട്ടികയിൽ നിന്ന് ഒഴിവാക്കാൻ സിപിഎം പരാതി നൽകിയതിന് പിന്നിൽ രാഷ്ട്രീയ ദുരുദ്ദേശമുണ്ടെന്ന് വൈഷ്ണ സുരേഷ് ആരോപിച്ചു. "മുട്ടടയിൽ ജയിക്കുമെന്ന ട്രെൻഡ് വന്നതിലുള്ള ടെൻഷനാണ് സിപിഎമ്മിന് ഈ പരാതിക്ക് പിന്നിൽ. ഇതാണ് അവർ പരാതി നൽകാനുള്ള കാരണം."
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നൽകിയ വിലാസം ശരിയല്ലെന്ന സിപിഎം പരാതി ശരിവെച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വൈഷ്ണയുടെ പേര് അന്തിമ പട്ടികയിൽ നിന്ന് നീക്കം ചെയ്തത്. ഇന്ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിലാണ് വൈഷ്ണ സുരേഷിൻ്റെ പേരില്ലാത്തത്