മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിൻ്റെ വീട് ഉൾപ്പെടുന്ന തിരൂരങ്ങാടി നഗരസഭയിലെ 25-ാം ഡിവിഷനിൽ ലീഗിന് വിമത ഭീഷണി. വിമത സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കാലൊടി സുലൈഖയെ പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു.(Rebel fight in PMA Salam's ward, trouble for Muslim League)
വിമതയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന്, സുലൈഖയെ പാർട്ടിയുടെ ഭാരവാഹിത്വത്തിൽ നിന്ന് നേരത്തെ നീക്കിയിരുന്നു. തിരൂരങ്ങാടി മുനിസിപ്പൽ വനിതാ ലീഗ് ജനറൽ സെക്രട്ടറി, എസ്ടിയു ജില്ലാ ജോയിൻ്റ് സെക്രട്ടറി, സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളിൽ നിന്നാണ് സുലൈഖയെ നീക്കം ചെയ്തത്.
മുസ്ലിം ലീഗിൻ്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായ സി.പി. ഹബീബയ്ക്ക് എതിരെയാണ് കാലൊടി സുലൈഖ മത്സരിക്കുന്നത്. മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് അവർ വ്യക്തമാക്കി. പാർട്ടിയുടെ മുതിർന്ന നേതാവിൻ്റെ വാർഡിൽ തന്നെ വിമത ഭീഷണി ഉയർന്നത് ലീഗ് നേതൃത്വത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.