പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. മുന്നേറ്റം ആഘോഷിക്കുന്നതിനിടെ, പാലക്കാട് എം.എൽ.എ. ഓഫീസിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥികൾക്കൊപ്പം ആഹ്ലാദം പങ്കിട്ട് രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് നഗരസഭയിലെ മൂന്ന് വാർഡുകളിൽ വിജയിച്ച സ്ഥാനാർത്ഥികളെ കെട്ടിപ്പിടിച്ചാണ് രാഹുൽ അഭിനന്ദിച്ചത്.(Rahul Mamkootathil congratulates the winning candidates and shares joy at the MLA office)
രാഹുലിനൊപ്പം എം.എൽ.എ. ഓഫീസിലെത്തിയ സ്ഥാനാർത്ഥികൾ പ്രശോഭ് വത്സൻ( കുന്നത്തൂർമേട് വാർഡിൽ വിജയിച്ചു), മോഹൻ ബാബു( കേനാത്ത്പറമ്പിൽ നിന്ന് വിജയിച്ചു.), പി.എസ്. വിപിൻ(41-ാം വാർഡിൽ നിന്ന് വിജയിച്ചു.) എന്നിവരാണ്.
ബലാത്സംഗ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാനെത്തിയതോടെയാണ് പൊതുമധ്യത്തിൽ വീണ്ടും പ്രത്യക്ഷപ്പെട്ടത്. 15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷമായിരുന്നു ഇത്. രാഹുൽ വോട്ട് ചെയ്ത കുന്നത്തൂർമേട് വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രശോഭാണ് വിജയിച്ചത്.
പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ഒരാളെ കാണാൻ എത്തുന്നതിൽ പ്രശ്നമില്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, താനും ഇവിടുത്തെ ഒരു വോട്ടറാണ് എന്നായിരുന്നു രാഹുലിന്റെ മറുപടി. പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും, വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പ്രവർത്തകർ ബൊക്ക നൽകിയാണ് സ്വീകരിച്ചത്.