പുതുക്കാട് പഞ്ചായത്ത് തെരഞ്ഞെടുപ്പ്: സീറ്റ് തർക്കം രൂക്ഷം; വർധിപ്പിച്ച 14 വാർഡുകളും CPM കയ്യടക്കി; CPIക്ക് അതൃപ്തി | Elections

14 വാർഡുകളിൽ നാലെണ്ണമാണ് സിപിഐ ചോദിച്ചത്.
Puthukkad Panchayat elections, Seat dispute intensifies
Published on

തൃശൂർ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുതുക്കാട് നിയമസഭാ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലുണ്ടായ വാർഡ് വർധനവ് എൽഡിഎഫിൽ സീറ്റ് തർക്കത്തിന് വഴിവെച്ചു. ആകെ വർധിപ്പിച്ച 14 വാർഡുകളും സിപിഎം സ്വന്തമാക്കാൻ ശ്രമിക്കുന്നത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് ഘടകകക്ഷിയായ സിപിഐ ആരോപിക്കുന്നു.(Puthukkad Panchayat elections, Seat dispute intensifies)

പുതുക്കാട് മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലായി ആകെ 14 വാർഡുകളാണ് പുതുതായി വർധിപ്പിച്ചത്. ചില പഞ്ചായത്തുകളിൽ രണ്ടും ചിലയിടത്ത് ഒരു വാർഡുമാണ് വർധനവുള്ളത്. ഈ 14 വാർഡുകളിൽ ഒന്നുപോലും ഘടകകക്ഷിയായ സിപിഐക്ക് നൽകാതെ മുഴുവൻ സീറ്റുകളും സിപിഎം കയ്യടക്കി വെച്ചിരിക്കുന്നതാണ് തർക്കത്തിന് പ്രധാന കാരണം.

വർദ്ധിപ്പിച്ച വാർഡുകളിലെ സീറ്റ് വിഭജനം മണ്ഡലം തലത്തിൽ ചർച്ച ചെയ്യാതെ, അതാത് പഞ്ചായത്തുതലത്തിൽ ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നതാണ് സിപിഎം നേതൃത്വത്തിന്റെ പുതിയ നയം. പഞ്ചായത്തുതലത്തിൽ ഒന്നോ രണ്ടോ വാർഡുകൾ മാത്രമാണ് വർധിച്ചതെങ്കിൽ അതിലൊന്ന് സിപിഐക്ക് നൽകാൻ കഴിയില്ല എന്ന തന്ത്രമാണ് സിപിഎം ഇവിടെ പയറ്റുന്നത്.

എന്നാൽ, മണ്ഡലം അടിസ്ഥാനത്തിൽ കണക്കുകൂട്ടുമ്പോൾ വർധിപ്പിച്ച 14 വാർഡുകളിൽ നാലെണ്ണമാണ് സിപിഐ ചോദിച്ചത്. ഇത് നൽകാൻ സിപിഎം തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം.

സീറ്റ് തർക്കം ചർച്ച ചെയ്യാൻ മണ്ഡലതല മുന്നണിയോഗം വിളിക്കുന്നില്ല എന്നതാണ് സിപിഐയുടെ പ്രധാന പരാതി. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള തീയതി അടുത്തിട്ടും വർദ്ധിപ്പിച്ച വാർഡുകളിലെ തർക്കം തീരാത്തതിനെ തുടർന്ന്, പുതുക്കാട് മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും ഇടതുമുന്നണിക്ക് ഇതുവരെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാൻ കഴിഞ്ഞിട്ടില്ല. മുന്നണി ധാരണ വൈകുന്നത് താഴെത്തട്ടിലെ പ്രവർത്തകരെയും സ്ഥാനാർത്ഥി പ്രഖ്യാപനത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com