ആലപ്പുഴ: നിരോധിത പുകയില ഉൽപ്പന്നക്കടത്ത് കേസിൽ ആരോപണ വിധേയനായി പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട എ. ഷാനവാസിനെ ആലപ്പുഴ നഗരസഭയിൽ സി.പി.എം. സ്ഥാനാർത്ഥിയാക്കി. ആലപ്പുഴ നഗരസഭയിലെ തോണ്ടൻകുളങ്ങര വാർഡിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായാണ് ഷാനവാസ് മത്സരിക്കുന്നത്.(Prohibited tobacco smuggling case, CPM gives seat to accused A Shanavas)
പുകയിലക്കടത്ത് കേസിൽ ആരോപണം ഉയർന്നതിനെത്തുടർന്ന് ഷാനവാസിനെ സി.പി.എം. പ്രാഥമികാംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ, അടുത്തിടെ ഷാനവാസിന് വീണ്ടും പാർട്ടി അംഗത്വം നൽകാൻ ആലപ്പുഴ ഏരിയ കമ്മിറ്റി ശുപാർശ ചെയ്യുകയും തുടർന്ന് അംഗത്വം പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.
നേരത്തെ, ആലപ്പുഴ നഗരസഭയിൽ കാളാത്ത് വാർഡിലെ കൗൺസിലർ ആയിരുന്നു ഷാനവാസ്. ഇത്തവണയാണ് തോണ്ടൻകുളങ്ങര വാർഡിൽ മത്സരിക്കുന്നത്. ആരോപണങ്ങളെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവിന് വീണ്ടും സ്ഥാനാർത്ഥിത്വം നൽകാനുള്ള സി.പി.എം. തീരുമാനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശ്രദ്ധേയമാകുകയാണ്.