

പാലക്കാട്: പാർട്ടിയുടെ അച്ചടക്ക നടപടിക്ക് വിധേയനായ മുൻ എം.എൽ.എ. പി.കെ. ശശിയെ അനുകൂലിക്കുന്ന സി.പി.എമ്മിലെ ഒരു വിഭാഗം മണ്ണാർക്കാട് മേഖലയിൽ പിടിമുറുക്കാനും പാർട്ടിയുമായി പരസ്യപ്പോരിനും ശ്രമം തുടങ്ങി. തദ്ദേശ തെരഞ്ഞെടുപ്പിൽ ഈ വിഭാഗം രൂപീകരിച്ച 'ജനകീയ മതേതര മുന്നണി' സ്ഥാനാർത്ഥികൾ ഇന്ന് നാമനിർദ്ദേശ പത്രിക നൽകും.(PK Sasi's supporters enters trouble for CPM in Palakkad )
മണ്ണാർക്കാട് നഗരസഭയിൽ പത്ത് സീറ്റുകളിൽ മത്സരിക്കാനാണ് മുന്നണി ലക്ഷ്യമിടുന്നത്. സി.പി.എമ്മിൻ്റെ മുൻ ബ്രാഞ്ച് സെക്രട്ടറിമാർ മുതൽ ലോക്കൽ കമ്മിറ്റി അംഗങ്ങൾ വരെയാണ് ജനകീയ മതേതര മുന്നണിക്ക് വേണ്ടി സ്ഥാനാർത്ഥികളായി രംഗത്തുവരുന്നത്.
മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിൽ ഒരു സീറ്റിൽ എസ്.എഫ്.ഐ. മുൻ ഏരിയ സെക്രട്ടറിയായിരുന്ന എ.കെ. ഷാനിഫാണ് മത്സരിക്കുന്നത്. പാർട്ടി അച്ചടക്കത്തിന് വിധേയമായ ശേഷം പി.കെ. ശശിയെ അനുകൂലിക്കുന്ന വിഭാഗം തെരഞ്ഞെടുപ്പിൽ സ്വതന്ത്രമായി മത്സരിക്കുന്നത് സി.പി.എമ്മിന് മണ്ണാർക്കാട് കടുത്ത വെല്ലുവിളിയാകും.