തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരില്ലെന്ന വിവാദങ്ങൾക്കിടയിലും മുട്ടട വാർഡിൽ തിരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കിയ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് അരികിലേക്ക് 'ഓൾ ദ ബെസ്റ്റ്' പറഞ്ഞ് എൻ.ഡി.എ. സ്ഥാനാർഥി അജയകുമാർ എത്തി. എതിരാളികൾ തമ്മിലുള്ള ഈ സൗഹൃദ നിമിഷം ശ്രദ്ധേയമായി.(NDA candidate wishes 'all the best' to Vaishna in Muttada)
പ്രചാരണത്തിനിടെ വൈഷ്ണയുടെ അടുത്തേക്ക് എത്തിയ അജയകുമാർ "ഞാൻ ഇവിടത്തെ സ്ഥാനാർഥിയാണ്. നിങ്ങൾക്ക് എതിരെ മത്സരിക്കുന്ന സ്ഥാനാർഥിയാണ്, ഓൾ ദ് ബെസ്റ്റ്. ഏതായാലും നന്നായി വരട്ടെ," എന്ന് പറഞ്ഞു. അജയകുമാറിനോട് വൈഷ്ണയും തിരിച്ച് 'ഓൾ ദ് ബെസ്റ്റ്' പറഞ്ഞു. ഇതിനു പിന്നാലെ വൈഷ്ണ അജയകുമാറിന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്തു.
സ്ഥാനാർഥിത്വം സംബന്ധിച്ച വൈഷ്ണയുടെ വിവാദങ്ങളെക്കുറിച്ച് "ഇന്നലെ വേറൊരു സ്ഥാനാർഥിക്ക് ഞാൻ 'ഓൾ ദ് ബെസ്റ്റ്' പറഞ്ഞപ്പോൾ തിരിച്ചു പറഞ്ഞില്ല. ഞാൻ തിരിച്ചു ചോദിച്ചു. എല്ലാവർക്കും ജയിക്കാൻ ഒക്കില്ലല്ലോ. ഈ കുട്ടിയ്ക്ക് വന്ന വിഷമം അതിന് അനുകൂലമായിട്ടുണ്ട്. ദൈവമുണ്ട്, ഞാൻ എതിർത്ത് തന്നെ മത്സരിക്കും," എന്നാണ് അജയകുമാർ പറഞ്ഞത്.
എൻ.ഡി.എ. മുന്നണിയിൽ ബി.ഡി.ജെ.എസ്. സ്ഥാനാർഥിയായാണ് അജയകുമാർ മത്സരിക്കുന്നത്. രാഷ്ട്രീയ മത്സരത്തിനിടയിലും സ്ഥാനാർഥികൾ സൗഹൃദം പങ്കിടുന്ന കാഴ്ച മുട്ടട വാർഡിന് വേറിട്ട അനുഭവമായി.