കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോഴിക്കോട്, കൊല്ലം കോർപ്പറേഷനുകളിലെ ആദ്യഘട്ട എൻ.ഡി.എ. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പ്രമുഖ നേതാക്കൾ മത്സരരംഗത്തുണ്ട്. ബി.ജെ.പി. ജില്ലാ കമ്മിറ്റി ഓഫീസിൽ മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് 45 വാർഡുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.(NDA announces candidates for Kozhikode Corporation)
ശ്രദ്ധേയമായ സ്ഥാനാർത്ഥികളിലൊരാൾ നവ്യ ഹരിദാസ് ആണ്. രണ്ട് തവണ കൗൺസിലറായിരുന്ന നവ്യ, കാരപ്പറമ്പ് വാർഡിൽ മത്സരിക്കും. വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച സ്ഥാനാർത്ഥിയായിരുന്നു നവ്യ ഹരിദാസ്. മേയർ സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് കെ. സുരേന്ദ്രൻ വ്യക്തമാക്കി.
ചാലപ്പുറം, കോട്ടൂളി തുടങ്ങി 31 വാർഡുകളിലെ സ്ഥാനാർത്ഥികളെയാണ് എൻ.ഡി.എയ്ക്ക് ഇനി പ്രഖ്യാപിക്കാനുള്ളത്. ഘടകകക്ഷികളുമായി ചർച്ച നടത്തിയ ശേഷം രണ്ടാംഘട്ട പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്ന് സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
കൊല്ലം കോർപ്പറേഷനിലെ 21 ഡിവിഷനുകളിലേക്കുള്ള ആദ്യഘട്ട സ്ഥാനാർത്ഥികളെ മുതിർന്ന ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരനാണ് പ്രഖ്യാപിച്ചത്. ബി.ജെ.പി. സംസ്ഥാന വക്താവ് കേണൽ എസ്. ഡിന്നി വടക്കേവിള ഡിവിഷനിൽ മത്സരിക്കും.
രണ്ട് ദിവസത്തിനുള്ളിൽ മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു. യു.ഡി.എഫ്. ഇതിനോടകം രണ്ട് ഘട്ടങ്ങളിലായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണ രംഗത്ത് സജീവമാണ്. എൽ.ഡി.എഫും ഉടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.