ആലപ്പുഴ ജില്ലാ പഞ്ചായത്തിൽ മുസ്‌ലിം ലീഗ് ഒറ്റയ്ക്ക് മത്സരിക്കും: സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു, UDFൽ സീറ്റ് തർക്കം | Muslim League

അൽത്താഫ് സുബൈർ ആണ് സ്ഥാനാർത്ഥി
Muslim League to contest alone in Alappuzha district panchayat, Candidate announced
Published on

ആലപ്പുഴ: ജില്ലാ പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ മുസ്‌ലിം ലീഗ് തീരുമാനം. കോൺഗ്രസുമായുള്ള സീറ്റ് ചർച്ചയിൽ ധാരണയാകാത്തതിനെ തുടർന്നാണ് ലീഗിന്റെ ഈ കടുത്ത നീക്കം. കോൺഗ്രസ് മത്സരിക്കാൻ തീരുമാനിച്ചിരുന്ന അമ്പലപ്പുഴ ഡിവിഷനിൽ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. (Muslim League to contest alone in Alappuzha district panchayat, Candidate announced )

എം.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് അൽത്താഫ് സുബൈർ ആണ് സ്ഥാനാർത്ഥി. ഇന്ന് അൽത്താഫ് സുബൈർ പത്രിക സമർപ്പിക്കുമെന്ന് ലീഗ് നേതാക്കൾ അറിയിച്ചു. അമ്പലപ്പുഴ ഡിവിഷൻ ആവശ്യപ്പെട്ട ലീഗിന് പകരമായി പുന്നപ്ര സീറ്റ് നൽകാമെന്ന് കോൺഗ്രസ് അറിയിച്ചിരുന്നു. എന്നാൽ പുന്നപ്ര വേണ്ടെന്ന നിലപാടിൽ ലീഗ് ഉറച്ചുനിൽക്കുകയായിരുന്നു.

അതേസമയം, അമ്പലപ്പുഴയിൽ സ്ഥാനാർഥിയെ തീരുമാനിക്കാനാകാത്ത അവസ്ഥയിലാണ് നിലവിൽ കോൺഗ്രസ്. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.ആർ. കണ്ണൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഡോ. എം.പി. പ്രവീൺ, കോൺഗ്രസ് അധ്യാപക സംഘടന മുൻ സംസ്ഥാന പ്രസിഡന്റ് സി. പ്രദീപ് എന്നിവരെയാണ് കോൺഗ്രസ് ഈ സീറ്റിൽ പരിഗണിക്കുന്നത്. ഇതിനിടയിൽ മുസ്‌ലിം ലീഗ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിക്കുകയും സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയും ചെയ്തതോടെ യു.ഡി.എഫ്. തകർച്ചയിലേക്ക് നീങ്ങുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. അമ്പലപ്പുഴയിൽ കോൺഗ്രസിൻ്റെ അടുത്ത നിലപാട് എന്താകും എന്നത് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുകയാണ്.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് അവസാനിക്കും. നിർദിഷ്ട യോഗ്യതയുള്ള സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രികയും 2 എ ഫാറവും പൂർണ്ണമായി പൂരിപ്പിച്ച് നിക്ഷേപ തുകയും അടച്ച് പ്രതിജ്ഞ ചെയ്ത് അതത് വരണാധികാരിക്ക് സമർപ്പിക്കണം.

നവംബർ 22-ന് (ശനിയാഴ്ച) നാമനിർദ്ദേശ പത്രികളുടെ സൂക്ഷ്മപരിശോധന നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24 (തിങ്കൾ) ഉച്ചകഴിഞ്ഞ് 3 മണി വരെയാണ്. സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന സമയത്തിന് ശേഷം റിട്ടേണിംഗ് ഓഫീസർ, മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കും. മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാർത്ഥികളുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തുക.

Related Stories

No stories found.
Times Kerala
timeskerala.com