

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് മുനമ്പം സമര സമിതി കൺവീനർ ജോസഫ് ബെന്നി പിൻമാറി. വഖഫ് വിഷയത്തിൽ ഇപ്പോഴും അന്തിമ പരിഹാരമാകാത്ത സാഹചര്യത്തിൽ ഒരു മുന്നണിയുടെ ഭാഗമായി മത്സരിക്കുന്നത് സമരസമിതിയിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് അഭിപ്രായമുയർന്നതോടെയാണ് പിന്മാറ്റം.(Munambam Strike convener withdraws from UDF candidacy)
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിലെ മുനമ്പം ഡിവിഷനിൽ നിന്ന് ജോസഫ് ബെന്നിയെ മത്സരിപ്പിക്കാനായിരുന്നു യു.ഡി.എഫ്. നീക്കം. മുനമ്പം വിഷയത്തിൽ കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കാനുള്ള ബി.ജെ.പി.യുടെ ശ്രമങ്ങൾക്കിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ നേതൃത്വത്തിൽ സമര സമിതിയെ ഒപ്പം നിർത്താനുള്ള നീക്കം നടന്നിരുന്നു. ഇതിന്റെ ഭാഗമായാണ് സമരസമിതി കൺവീനറെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസിൽ ധാരണയായത്.
എന്നാൽ, സമരസമിതി രാഷ്ട്രീയ നിലപാട് എടുത്തിട്ടില്ലെന്നും ചർച്ചകൾ നടക്കുന്നുണ്ടെന്നുമായിരുന്നു സമരസമിതി രക്ഷാധികാരി ഫാദർ ആൻ്റണി സേവ്യറുടെ പ്രതികരണം. വഖഫ് വിഷയത്തിലെ തർക്കം നിലനിൽക്കുന്നതിനിടെ സമരസമിതി കൺവീനറുടെ പിന്മാറ്റം യു.ഡി.എഫിന് തിരിച്ചടിയായി.