കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സംസ്ഥാനമെമ്പാടും രാഷ്ട്രീയ സമവാക്യങ്ങളെ സ്വാധീനിക്കാൻ സാധ്യതയുള്ള മുനമ്പം വഖഫ് ഭൂമി തർക്കം സജീവ ചർച്ചയാക്കാൻ സമരസമിതി. രാഷ്ട്രീയ പാർട്ടികൾ സമരവേദി ഒഴിഞ്ഞെങ്കിലും, 615 കുടുംബങ്ങൾ ക്രൈസ്തവ സഭകളുടെ പിന്തുണയോടെ 390-ാം ദിവസവും നിരാഹാര സമരം തുടരുകയാണ്. വാഗ്ദാനങ്ങൾ പാലിക്കാത്ത രാഷ്ട്രീയ കക്ഷികളുടെ ഇരട്ടത്താപ്പിന് വോട്ടിലൂടെ മറുപടി പറയാനാണ് മുനമ്പത്തുകാരുടെ തീരുമാനം.(Munambam Samara Samiti says it will respond to the political parties that cheated it through votes)
സംസ്ഥാന വഖഫ് ബോർഡ് ഭൂമിയിൽ അവകാശം ഉന്നയിച്ചില്ലായിരുന്നെങ്കിൽ ടൂറിസവും അടിസ്ഥാന സൗകര്യ വികസനവുമായിരുന്നേനെ പള്ളിപ്പുറം പഞ്ചായത്തിലെ മുനമ്പത്തുകാരുടെ തിരഞ്ഞെടുപ്പ് അജണ്ട. എന്നാൽ, ഇന്ന് 615 കുടുംബങ്ങളുടെ ഈ സമരം സംസ്ഥാനമൊട്ടാകെ രാഷ്ട്രീയ അജണ്ട നിശ്ചയിക്കുന്ന ചർച്ചാവിഷയമായി മാറിയിരിക്കുന്നു.
സുവർണാവസരം തേടിയെത്തിയ വിവിധ രാഷ്ട്രീയകക്ഷികൾ പറഞ്ഞതെല്ലാം വിശ്വസിച്ച് കാത്തിരുന്നിട്ട് 390 ദിവസമായി. കടുത്ത നിരാശ മാത്രമാണ് തുടരുന്നതെന്ന് സമരക്കാർ പറയുന്നു.
വഖഫ് ഭേദഗതി ബിൽ പാസായാൽ പരിഹാരമാകുമെന്ന് പറഞ്ഞ എൻഡിഎ, 10 മിനിറ്റിൽ പ്രശ്നപരിഹാരം സാധ്യമെന്ന് പറഞ്ഞ യുഡിഎഫ്, നിയമവഴിയിൽ ഒപ്പം നിന്ന് തർക്കം പരിഹരിക്കുമെന്ന് പറഞ്ഞ സംസ്ഥാന സർക്കാർ തുടങ്ങി എല്ലാവരും വഞ്ചിച്ചെന്നാണ് സമരസമിതിയുടെ വിലയിരുത്തൽ. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി പരാമർശിച്ചിട്ടും നിയമനടപടികൾ നീളുന്നതിൽ ഇവർക്ക് അമർഷമുണ്ട്.
എല്ലാ നേതാക്കന്മാരെയും സമരപ്പന്തലിലേക്ക് സ്വാഗതം ചെയ്‌തെങ്കിലും അവരുടെ വാക്കുകളിലെയും പ്രവൃത്തിയിലെയും ആത്മാർത്ഥതയിൽ ഇന്ന് മുനമ്പത്തുകാർക്ക് സംശയമുണ്ട്. പള്ളിപ്പുറം പഞ്ചായത്ത് ഭരിക്കുന്നത് എൽഡിഎഫ് ആണെങ്കിലും വഖഫ് ഭൂമി തർക്കമുള്ള വാർഡുകളിൽ വിജയിച്ചത് യുഡിഎഫാണ്.
പ്രശ്നപരിഹാരം വൈകിയാൽ ഈ വാർഡുകളിൽ മാത്രമല്ല, പല രാഷ്ട്രീയ സമവാക്യങ്ങളും മാറിമറിഞ്ഞേക്കുമെന്ന സൂചനയാണ് മുനമ്പത്തെ സമര സമിതി നൽകുന്നത്. എല്ലാ ക്രൈസ്തവ സഭകളുടെയും ശക്തമായ പിന്തുണയുള്ള ഈ സമരത്തെ വിവിധ കക്ഷികൾ അതീവ കരുതലോടെയാണ് ഉറ്റുനോക്കുന്നത്. നിയമക്കുരുക്കിൽ പ്രതിസന്ധി തുടരുന്ന വഖഫ് ഭൂമി പ്രശ്നം തിരഞ്ഞെടുപ്പ് വിഷയമാക്കാൻ രാഷ്ട്രീയ പാർട്ടികൾ ആഗ്രഹിക്കുന്നില്ല. എന്നാൽ തിരിച്ചടി ഒഴിവാക്കാൻ, പ്രശ്നത്തിൽ തങ്ങൾ ചെയ്ത കാര്യങ്ങൾ ബോധ്യപ്പെടുത്താനാണ് അവരുടെ ശ്രമം.