തൃശൂർ: കോർപ്പറേഷൻ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ തൃശൂർ കോൺഗ്രസിൽ പൊട്ടിത്തെറി. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് നാല് പ്രമുഖ നേതാക്കളാണ് പാർട്ടിയിൽ നിന്നും രാജിവെച്ചത്.(Mass resignations in Thrissur Congress, 4 prominent members leave the party)
ഡിസിസി ജനറൽ സെക്രട്ടറി രവി താണിക്കലാണ് ഏറ്റവും ഒടുവിൽ രാജി പ്രഖ്യാപിച്ചത്. കുര്യച്ചിറ വെസ്റ്റ് വാർഡിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് രാജി. ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനത്തിന് പുറമെ, തൃശൂർ നിയോജക മണ്ഡലം ചെയർമാൻ സ്ഥാനവും രവി താണിക്കൽ രാജിവച്ചിട്ടുണ്ട്. മുൻ എംഎൽഎ ജോസ് താണിക്കലിന്റെ മകനാണ് ഇദ്ദേഹം.
സ്ഥാനാർഥി പട്ടിക പുറത്തുവന്നതിന് ശേഷം കോൺഗ്രസ് വിട്ട മറ്റ് പ്രമുഖ നേതാക്കൾ നിമ്മി റപ്പായി (കോർപ്പറേഷൻ കൗൺസിലർ), ജോർജ് ചാണ്ടി (ഈസ്റ്റ് മണ്ഡലം പ്രസിഡൻ്റ്, മുൻ കൗൺസിലർ), ഷോമി ഫ്രാൻസിസ് (ഒല്ലൂർ ബ്ലോക്ക് സെക്രട്ടറി, മുൻ കൗൺസിലർ) എന്നിവരാണ്.
സ്ഥാനാർഥി നിർണയത്തിലെ അതൃപ്തിയെ തുടർന്ന് ശക്തരായ നാല് നേതാക്കൾ രാജിവെച്ചത് തൃശൂർ കോർപ്പറേഷനിൽ കോൺഗ്രസിൻ്റെ വിജയ സാധ്യതയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.