കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ മഞ്ഞുമ്മൽ ബോയ്‌സിന് എന്ത് കാര്യം എന്നാണോ ? അങ്ങനെ ചോദിക്കുന്നവർക്ക് തെറ്റി. ഈ തിരഞ്ഞെടുപ്പിൽ മഞ്ഞുമ്മൽ ബോയ്‌സിനും കാര്യമുണ്ട്. റിയൽ മഞ്ഞുമ്മൽ ബോയ്സ്, ചിത്രത്തിന് ശേഷം ആദ്യമായി തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത് മുതൽ ഇവർ വലിയ ആകാംഷയിലും ആവേശത്തിലുമാണ്.(Manjummel Boys’ Subhash Chandran to contest Eloor municipal polls as Congress candidate)
ഏലൂർ നഗരസഭയിലെ ഇരുപത്തിയേഴാം വാർഡിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിക്കുന്നത് മറ്റാരുമല്ല, ഗുണ കേവിൽ കൊക്കയിൽ വീണ് സാഹസികമായി രക്ഷപ്പെട്ടു വന്ന ആ സുഭാഷ് ആണ്! സുഭാഷിന് വോട്ട് അഭ്യർഥിച്ച്, ചിത്രത്തിൽ സുഭാഷിന്റെ സുഹൃത്തും രക്ഷകനുമായിരുന്ന, 'കുട്ടേട്ടൻ' എന്നറിയപ്പെടുന്ന എസ്. സിജു പ്രചാരണത്തിന് ഇറങ്ങുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
ഈ വിഷയത്തിൽ ആകാംക്ഷ നിറയുമ്പോഴും, തങ്ങളുടെ സുഹൃത്തും റിയൽ മഞ്ഞുമ്മൽ ബോയ്‌സുമായ സുഭാഷിന്റെ മുന്നേറ്റത്തിൽ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് കൂട്ടുകാർ. മഞ്ഞുമ്മൽ ബോയ്‌സിന്റെ സാഹസികത സിനിമയിലൂടെ ലോകമെമ്പാടും ചർച്ചയായതിന് പിന്നാലെ സുഭാഷ് തിരഞ്ഞെടുപ്പ് രംഗത്ത് എത്തുന്നത് ഏലൂർ വാർഡിനും കേരള രാഷ്ട്രീയത്തിനും ഒരുപോലെ കൗതുകമാവുകയാണ്.