തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കവേ, പ്രധാന നഗരസഭകളിലെയും കോർപ്പറേഷനുകളിലെയും ലീഡ് നില പുറത്തുവന്നു. മുട്ടടയിൽ വൈഷ്‌ണ സുരേഷ് ജയിച്ചു. പാലക്കാട് നഗരസഭയിൽ നിർണായകമായ മൂന്ന് വാർഡുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തനും പ്രമുഖ നേതാവുമായ ഫെനി നൈനാന് തദ്ദേശ തെരഞ്ഞെടുപ്പിൽ തോൽവി. അടൂർ നഗരസഭയിലെ എട്ടാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഫെനി നൈനാനെ പരാജയപ്പെടുത്തി ബിജെപി സീറ്റ് നിലനിർത്തി.യുഡിഎഫിന് ഏറെ വിജയപ്രതീക്ഷയുണ്ടായിരുന്ന വാർഡായിരുന്നു ഇത്. എന്നാൽ ശക്തമായ മത്സരം കാഴ്ചവെച്ച ബിജെപി സ്ഥാനാർത്ഥി സീറ്റ് നിലനിർത്തുകയായിരുന്നു. എഐസിസി ജനറൽ സെക്രട്ടറിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.സി. വേണുഗോപാലിന്റെ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വിജയം. ആലപ്പുഴയിലെ കൈതവന വാർഡിലാണ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് അപ്രതീക്ഷിത തോൽവി നേരിട്ടത്. യുഡിഎഫിന്റെ ഉറച്ച വാർഡായി കണക്കാക്കിയിരുന്ന കൈതവനയിൽ എൽഡിഎഫ് വിജയിച്ചതോടെ കോൺഗ്രസ് ക്യാമ്പിൽ ആശങ്ക പടർന്നു. കോൺഗ്രസിന്റെ ദേശീയ നേതാവായ കെ.സി. വേണുഗോപാലിന്റെ തട്ടകത്തിൽ നേരിട്ട ഈ പരാജയം പ്രാദേശിക രാഷ്ട്രീയത്തിൽ ഏറെ ചർച്ചയാകാൻ സാധ്യതയുണ്ട്.(Local body elections vote counting, The leads have been changing)
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണലിൽ അപ്രതീക്ഷിത ഫലങ്ങൾ. ഇടതുമുന്നണിയുടെ ശക്തമായ കോട്ടയായി കണക്കാക്കിയിരുന്ന കൊല്ലം ജില്ലയിലെ കടയ്ക്കൽ ഗ്രാമപഞ്ചായത്തിൽ എൻഡിഎ സ്ഥാനാർത്ഥി വിജയിച്ചു. കണ്ണൂരിലും കോഴിക്കോട്ടും യു ഡി എഫാണ് ലീഡ് ചെയ്യുന്നത്.
വടക്കേവയൽ വാർഡിലാണ് എൻഡിഎ സ്ഥാനാർത്ഥിക്ക് അവിശ്വസനീയ വിജയം നേടാനായത്. ഇടതുമുന്നണിക്ക് ശക്തമായ സ്വാധീനമുള്ള മേഖലയിൽ ബിജെപി നേടിയ ഈ വിജയം വലിയ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. സംസ്ഥാനത്തെ ആദ്യ ഫലസൂചനകളിൽ തന്നെ ബിജെപിക്ക് ആവേശം നൽകുന്നതാണ് ഈ അട്ടിമറി വിജയം.
ബിജെപിയുടെ സിറ്റിംഗ് സീറ്റുകളായ ഒലവക്കോട് സെൻട്രലും കുന്നംപുറവും യുഡിഎഫ് പിടിച്ചെടുത്തു. ബിജെപിയുടെ ശക്തികേന്ദ്രമായ ഒലവക്കോടിലെ ഈ തോൽവി മുന്നണിക്ക് കനത്ത തിരിച്ചടിയാണ്. രണ്ടാം വാർഡിലും യുഡിഎഫ് വിജയിച്ചു.
കൊല്ലം കോർപ്പറേഷനിൽ എൽഡിഎഫ് മികച്ച തുടക്കം നേടി. എറണാകുളം കോർപ്പറേഷനിലും എൽഡിഎഫ് മുന്നേറ്റം പ്രകടമാക്കുന്നു. കോഴിക്കോട് കോർപ്പറേഷനിൽ എൽഡിഎഫ് വ്യക്തമായ ആധിപത്യം നേടി.
തലസ്ഥാന നഗരമായ തിരുവനന്തപുരം കോർപ്പറേഷനിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽഡിഎഫും എൻഡിഎയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ലീഡ് നില മാറിമറിയുന്ന സാഹചര്യത്തിൽ, ഭരണം ആർക്കെന്ന് പ്രവചനാതീതമായി തുടരുന്നു.
തുടക്കത്തിൽ എൻഡിഎ ലീഡ് ഉയർത്തിയിരുന്നെങ്കിലും എൽഡിഎഫ് ശക്തമായി തിരിച്ചുവരികയായിരുന്നു. യുഡിഎഫിന് കോർപ്പറേഷനിൽ കാര്യമായ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ആദ്യസൂചനകൾ വ്യക്തമാക്കുന്നത്. ബാക്കിയുള്ള വാർഡുകളിലെ ഫലമാകും കോർപ്പറേഷൻ ഭരണം ആര് നേടുമെന്ന് തീരുമാനിക്കുക.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കവേ തൃശൂർ കോർപ്പറേഷനിൽ യുഡിഎഫ് മുന്നേറ്റം. ആദ്യ ഘട്ടത്തിലെ ഫലസൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫ് ശക്തമായി തിരിച്ചുവരുന്നതിൻ്റെ പ്രതീതിയാണ് കാണുന്നത്.
കോർപ്പറേഷനിൽ ബിജെപി ശക്തമായ സാന്നിധ്യമായി മാറുന്നതിൻ്റെ സൂചനകളും ലീഡ് നില നൽകുന്നുണ്ട്. ഏഴ് സീറ്റുകളിൽ എൻഡിഎ സ്ഥാനാർത്ഥികൾ മുന്നിലാണ്. അതേസമയം, നിലവിലെ ലീഡ് നിലയിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് മുന്നണിക്ക് ആശങ്കയുണ്ടാക്കുന്നു.