കൊച്ചി: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ട് ട്വന്റി 20 പാർട്ടി. ഇത്തവണ 60 പഞ്ചായത്തുകളിലും 4 മുനിസിപ്പാലിറ്റികളിലും മത്സരിക്കുമെന്ന് ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ് പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി. കൊച്ചി കോർപ്പറേഷനിലെ 76 ഡിവിഷനുകളിലും പാർട്ടി സ്ഥാനാർത്ഥികളെ നിർത്തും.(Local body elections, Twenty20 to contest statewide)
പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയിലെ ഏറ്റവും വലിയ പ്രത്യേകത സ്ത്രീ പങ്കാളിത്തമാണ്. മത്സരിക്കുന്ന 60 പഞ്ചായത്തുകളിലും 80 ശതമാനം സ്ഥാനാർത്ഥികളും സ്ത്രീകളായിരിക്കും. കുന്നത്തുനാട്ടിലെ പൂതൃക്ക, തിരുവാണിയൂർ പഞ്ചായത്തുകളിൽ മുഴുവൻ സ്ഥാനാർത്ഥികളും സ്ത്രീകളായിരിക്കും. മൊത്തം 1600 സ്ഥാനാർത്ഥികളെയാണ് ട്വന്റി 20 രംഗത്തിറക്കുക.
കൊച്ചി കോർപ്പറേഷനിൽ അടക്കം പ്രമുഖരായ ആളുകളെ മത്സരത്തിനിറക്കുമെന്ന് സാബു എം. ജേക്കബ് അറിയിച്ചു. കൊല്ലം, പാലക്കാട്, ഇടുക്കി, കോട്ടയം, തൃശൂർ, എറണാകുളം തുടങ്ങിയ ഏഴ് ജില്ലകളിലെ 60 പഞ്ചായത്തുകളിലാണ് ട്വന്റി 20 മത്സരിക്കുന്നത്. സംസ്ഥാനത്തെ പരമ്പരാഗത മുന്നണികൾക്ക് ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ ട്വന്റി 20 ഒരു നിർണ്ണായക വെല്ലുവിളിയുയർത്താനാണ് സാധ്യത.