തദ്ദേശ തെരഞ്ഞെടുപ്പ് : വടക്കൻ കേരളത്തിൽ ഇന്ന് നിശബ്‌ദ പ്രചാരണം, വ്യാഴാഴ്ച പോളിംഗ് | Local body elections

കൊട്ടിക്കലാശം പലയിടത്തും സംഘർഷത്തിൽ കലാശിച്ചു
local body election
Updated on

കോഴിക്കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന വടക്കൻ കേരളത്തിലെ ഏഴ് ജില്ലകളിൽ ഇന്ന് നിശബ്ദ പ്രചാരണം. തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ഇന്ന് സ്ഥാനാർത്ഥികൾ നേരിട്ടുള്ള പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. വ്യാഴാഴ്ചയാണ് ഈ ജില്ലകളിൽ വോട്ടെടുപ്പ് നടക്കുക.(Local body elections, Silent campaigning in North Kerala today)

പ്രചാരണത്തിന് തിരശ്ശീല വീണ കൊട്ടിക്കലാശം പലയിടത്തും സംഘർഷത്തിൽ കലാശിച്ചു. ആവേശത്തിനിടെ പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയുണ്ടായി. കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം, മലപ്പുറത്തെ പൂക്കോട്ടൂർ എന്നിവിടങ്ങളിൽ സംഘർഷാവസ്ഥ ഉടലെടുത്തു. കൂടാതെ, കണ്ണൂരിലെ പഴയങ്ങാടി, കോഴിക്കോട് വടകര, കാരശ്ശേരി, പാലക്കാട് മണ്ണാർക്കാട് എന്നിവിടങ്ങളിലും യുഡിഎഫ്- എൽഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.

പ്രാദേശിക വിഷയങ്ങൾക്കൊപ്പം ദേശീയ-സംസ്ഥാന രാഷ്ട്രീയവും വടക്കൻ കേരളത്തിലെ പ്രചാരണത്തിൽ സജീവമായി ചർച്ചയായി. ശബരിമല, ജമാഅത്തെ ഇസ്ലാമി - യുഡിഎഫ് ബന്ധം, ഡീൽ ആരോപണങ്ങൾ തുടങ്ങിയ വിഷയങ്ങൾ അവസാന മണിക്കൂറുകളിലും ആവേശം നിലനിർത്തി.

പൊതുതിരഞ്ഞെടുപ്പുകളിലേത് പോലെ കേന്ദ്രീകൃത കൊട്ടിക്കലാശത്തിന് പകരം, വാർഡ് തലങ്ങളിൽ റോഡ് ഷോ നടത്തി പരമാവധി വോട്ടർമാരുടെ പിന്തുണ ഉറപ്പിക്കാനാണ് മുന്നണികളും സ്ഥാനാർത്ഥികളും ശ്രമിച്ചത്.

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാർഡുകളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. കണ്ണൂർ ജില്ലയിലെ 14 വാർഡുകളിലും കാസർഗോഡ് ജില്ലയിലെ 2 വാർഡുകളിലും സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട 16 പേരിൽ 15 പേരും ഇടതുമുന്നണി സ്ഥാനാർത്ഥികളാണ്.

രണ്ടാം ഘട്ടത്തിൽ 18,274 പോളിംഗ് സ്റ്റേഷനുകളുണ്ട്. ഇതിൽ 2,055 എണ്ണം പ്രശ്നബാധിത ബൂത്തുകളാണ്. ഏറ്റവും കൂടുതൽ പ്രശ്നബാധിത ബൂത്തുകൾ ഉള്ളത് കണ്ണൂർ ജില്ലയിലാണ് (1025 എണ്ണം). പോളിംഗ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ എട്ട് മണിമുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും.

Related Stories

No stories found.
Times Kerala
timeskerala.com